റെക്കാലത്തെ കാത്തിരിപ്പിനു ശേഷം പടിഞ്ഞാറൻ ഓസ്ട്രേലിയൻ സംസ്ഥാനത്തിന്റെ അതിർത്തികൾ മാർച്ച് മൂന്നിന് തുറക്കുന്നു. പ്രീമിയർ മാർക് മക്ഗോവനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാർച്ച് മുന്നിന് പുലർച്ചെ 12:01-നാണ് അതിർത്തികൾ തുറക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന, ട്രിപ്പിൾ-ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റീൻ ഇല്ലാതെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്കു പ്രവേശനം അനുവദിക്കും.

ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കുന്ന അന്താരാഷ്ട്ര യാത്രക്കാരെയും സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കും. ഇവിടെയെത്തി 12-മണിക്കൂറിനുള്ളിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തണം.

കോവിഡ് മഹാമാരിക്കിടെ 700 ദിവസത്തോളമായി കർശനമായ അതിർത്തി നിയന്ത്രണങ്ങളാണ് സ്റ്റേറ്റിൽ നിലനിൽക്കുന്നത്. അതിർത്തികൾ തുറക്കുമെങ്കിലും കർശനമായ നിയന്ത്രണങ്ങളാണ് പ്രദേശവാസികൾ നേരിടേണ്ടി വരുന്നത്. പുതിയ മാസ്‌ക് നിബന്ധനയും, ചില ഇടങ്ങളിൽ ആൾക്കൂട്ട നിയന്ത്രണവും വരും.

മൂന്ന് ഡോസ് സ്വീകരിച്ച അന്താരാഷ്ട്ര യാത്രക്കാർക്കാണ് നിബന്ധനകൾ പ്രകാരം ക്വാറന്റൈനില്ലാതെ സ്റ്റേറിൽ പ്രവേശിക്കാൻ കഴിയുക. വാക്സിനെടുക്കാതെ വിദേശത്ത് നിന്നും മടങ്ങുന്ന ഓസ്ട്രേലിയൻ പൗരന്മാർക്ക് ഒരാഴ്ച ഹോട്ടൽ ക്വാറന്റൈൻ വേണ്ടിവരും.

വെള്ളിയാഴ്ച സ്റ്റേറ്റിൽ 202 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന ദൈനംദിന കണക്കാണിത്.