- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാൻ അയർലന്റും; ഈ മാസം അവസാനത്തോടെ മാറ്റങ്ങൾ; മാസ്‌ക് ധരിക്കുന്നതടക്കം ഒഴിവാകും
അമേരിക്കയും യുകെയും അടക്കമുള്ള രാജ്യങ്ങൾ ഇതിനകം മാസ്‌ക് ധരിക്കുന്നതടക്കം ഉള്ള നിയന്ത്രണങ്ങൾക്ക് ഇളവ് കൊണ്ടുവന്നു. ഈ രാജ്യങ്ങളിലൊക്കെ തന്നെ നിയന്ത്രണങ്ങൾ പൂർണമായും മാറ്റി കോവിഡിന് മുന്നുള്ള രീതിയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. ഇപ്പോളിതാ അയർലണ്ടും കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും ഉടൻ പുറത്തുചാടുമെന്ന സൂചനയാണ് വരുന്നത്. ഫെബ്രുവരി അവസാനത്തോടെ എല്ലാവിധ കോവിഡ് കെട്ടുപാടുകളിൽ നിന്നും രാജ്യം വിടപറയുമെന്നാണ് കരുതുന്നത്.
നിർബന്ധിതമായി മാസ്‌ക് ധരിക്കുന്നതും 55 വയസ്സിന് താഴെയുള്ളവർക്ക് പിസിആർ പരിശോധന അവസാനിപ്പിക്കുന്നതുമടക്കം എല്ലാ എൻഫെറ്റ് ശുപാർശകളും സർക്കാർ അംഗീകരിച്ചു. രോഗ വ്യാപനം കുറയ്ക്കുന്നതിനു പകരം ഗുരുതര പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിൽ ശ്രദ്ധയൂന്നിയുള്ളതാണ് എൻഫെറ്റിന്റെ ശുപാർശകൾ. ടെസ്റ്റിലും ട്രേസിംഗിലും അത് ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കരുതുന്നത്.
കോവിഡ് നിയന്ത്രണം പൂർണ്ണമായും വ്യക്തിഗതമാക്കുന്നതിനു ലക്ഷ്യമിടുന്ന ശുപാർശകളാണ് എൻഫെറ്റ് നൽകിയിട്ടുള്ളത്. ഫെബ്രുവരി 28 മുതലാകും ഇതു നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പറഞ്ഞു.ലക്ഷണങ്ങളുണ്ടെങ്കിൽ പോലും, 55 വയസ്സിന് താഴെയുള്ളവർ കോവിഡ് പരിശോധിക്കേണ്ടതില്ല. രോഗലക്ഷണങ്ങളുള്ളവർ അതില്ലാതായി 48 മണിക്കൂർ സമയം സെൽഫ് ഐസൊലേഷനിൽ പോയാൽ മതിയാകും. 55നുമേൽ പ്രായമുള്ളവർ, ഗർഭിണികൾ, ആരോഗ്യസ്ഥിതി വളരെ മോശമായവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർക്ക് പിസിആർ പരിശോധന തുടർന്നും നടത്തും. ആരോഗ്യ പ്രവർത്തകരുടെ ക്ലോസ് കോണ്ടാക്ടുകൾക്ക് മാത്രമേ ഇനി ചലന നിയന്ത്രണങ്ങളുണ്ടാകൂ.
റീട്ടെയിൽ ഷോപ്പുകളിലും മറ്റ് ഇൻഡോർ-പൊതു ക്രമീകരണങ്ങളിലും പൊതുഗതാഗതത്തിലും ടാക്‌സികളിലും ഹോസ്പിറ്റാലിറ്റി ജീവനക്കാർക്കും ഫേയ്‌സ് മാസ്‌കുകൾ നിർബന്ധിതമല്ലാതാക്കും .ഏർളി ലേണിങ് സെന്ററുകൾ, ചൈൽഡ് കെയർ, പ്രൈമറി, സെക്കന്ററി സ്‌കൂളുകൾ എന്നിവിടങ്ങളിലെ ശാരീരികാകലം, പോഡുകളുടെ ഉപയോഗം, മാസ്‌ക് ധരിക്കൽ എന്നിവ നീക്കം ചെയ്യാമെന്ന് എൻഫെറ്റ് കത്തിൽ ഡോ. ടോണി ഹോളോഹൻ പറയുന്നു. പബ്ലിക് ട്രാൻസ്‌പോർട്ടിൽ ആവശ്യമുള്ളവർക്ക് മാസ്‌ക് ഉപയോഗിക്കാമെന്നും കത്ത് വിശദീകരിക്കുന്നു.
ബസുകളിലും ട്രയിനുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും ശാരീരിക അകലവും പാലിക്കേണ്ടതില്ല. ഇക്കാര്യത്തിലും വ്യക്തിപരമായും ആരോഗ്യപരവുമായും തീരുമാനമെടുക്കാം. ശുചിത്വം, വെന്റിലേഷൻ, രോഗലക്ഷണമുള്ളവർ വീട്ടിൽ തുടരുക തുടങ്ങിയവ തുടരണമെന്നും എൻഫെറ്റ് വ്യക്തമാക്കുന്നു.