കുവൈത്തിൽ വാക്‌സിൻ എടുക്കാത്തവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കുലറിൽ ഭേദഗതി വരുത്തി വ്യോമയാന വകുപ്പ്.കഴിഞ്ഞ ദിവസം വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിൽ 'കുവൈത്തികൾക്ക് മാത്രം' എന്ന ഭാഗമാണ് 'എല്ലാ യാത്രക്കാർക്കും' എന്നാക്കി തിരുത്തിയത്. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം ഡിജിസിഎ എയർലൈൻ കമ്പനികൾക്ക് നൽകിയ സർക്കുലറിൽ വാക്സിനെടുക്കാത്ത സ്വദേശികൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകം എന്ന് പരാമർശിച്ചിരുന്നു. പ്രവാസികളെ ഏറെ നിരാശപെടുത്തിയ ഈ പരാമർശമാണ് 24 മണിക്കൂറിനുള്ളിൽ അധികൃതർ തിരുത്തിയത്. ഫെബ്രുവരി 17 നു പുറത്തിറക്കിയ സർക്കുലറിലെ വാക്സിനെടുക്കാത്തവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഖണ്ഡികയിൽ 'കുവൈത്തികൾക്കു മാത്രം' എന്നത് 'എല്ലാ യാത്രക്കാർക്കും' എന്നാക്കിയാതായി അറിയിച്ചുകൊണ്ട് വിമാനക്കമ്പനികൾക്ക് ഡിജിസിഎ ഇന്ന് വീണ്ടും സർക്കുലർ അയച്ചു.

കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവരാണെങ്കിൽ പിസിആർ സർട്ടിഫിക്കറ്റോ, ഹോം ക്വാറന്റൈനോ ആവശ്യമില്ല എന്നായിരുന്നു മന്ത്രിസഭാ തീരുമാനം. വാക്സിൻ എടുക്കാത്തവർക്കും അല്ലെങ്കിൽ കുവൈത്ത് അംഗീകരിക്കാത്ത കോവാക്സിൻ പോലുള്ള വാക്സിനുകൾ സ്വീകരിച്ചവർക്കും യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ സർട്ടിഫിക്കറ്റ് കുവൈത്തിലെത്തിയാൽ ഏഴുദിവസം ഹോം ക്വാറന്റൈൻ എന്നീ വ്യവസ്ഥകളോടെ പ്രവേശനം സാധ്യമാകും. ഞായറാഴ്ച മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിലാകുന്നത്.