അടൂർ: ദത്തെടുത്ത മാതാപിതാക്കൾ മരിച്ചതോടെ അനാഥയായ 15 വയസ്സുകാരിയുടെ ഒറ്റമുറി വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നീക്കത്തിനിടെ സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ്. അന്തിയുറങ്ങുവാൻ ആകെയുണ്ടായിരുന്ന ഒറ്റമുറി വീട്ടിലേക്കു ബാങ്കിന്റെ ജപ്തിഭീഷണി എത്തിയതോടെയാണ് യൂത്ത് കോൺഗ്രസ് നേതൃത്വം സമയോചിതമായി ഇടപെട്ട് പരിഹരിച്ചത്. . അടൂർ ചൂരക്കോട് സ്വദേശിയായ പെൺകുട്ടിയുടെ ദുരിതം മനസ്സിലാക്കിയ യൂത്ത് കോൺഗ്രസ്, ബാങ്ക് വായ്പ അടച്ചശേഷം വീടിന്റെ പ്രമാണം തിരികെയെടുത്തു കുട്ടിക്കു കൈമാറി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണു വീടിന്റെ പ്രമാണം കുട്ടിക്ക് കൈമാറിയത്. ആകെയുള്ള ഒറ്റമുറി വീട് ബാങ്ക് ജപ്തി ഭീഷണിയിലായതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പതിനഞ്ചുകാരിക്ക് കൈത്താങ്ങുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. അടൂരിലെ ചൂരക്കാട് സ്വദേശിയാണ് പെൺകുട്ടി.

സംഭവം അറിഞ്ഞ് യൂത്ത് കോൺഗ്രസ് വായ്പ മുഴുവൻ അടച്ചു തീർക്കുകയും വീടിന്റെ പ്രമാണം തിരിച്ചെടുക്കുകയും ചെയ്തു. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ടെത്തിയാണ് വീടിന്റെ പ്രമാണം കുട്ടിക്ക് കൈമാറിയത്. ഇക്കാര്യം വിവരിച്ച് ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചു.

ഉമ്മൻ ചാണ്ടിയുടെ കുറിപ്പ്:
ദത്തെടുത്തു സ്വന്തം മകളെ പോലെ വളർത്തിയ മാതാപിതാക്കൾ വിടപറഞ്ഞതോടെ അനാഥത്വത്തിന്റെ വേദനയിൽ കഴിയുന്ന പതിനഞ്ചുകാരിയുടെ ദുരിതത്തിന് ഇരുട്ടടിയായി, അന്തി ഉറങ്ങുവാൻ ആകെയുണ്ടായിരുന്ന ഒറ്റമുറി വീടിന്റെ മേൽ ബാങ്കിന്റെ ജപ്തി ഭീഷണിയും വന്നത്! അടൂർ ചൂരക്കോട് സ്വദേശിയായ പതിനഞ്ചുകാരിയുടെ ദുരിതം മനസ്സിലാക്കിയ യൂത്ത് കോൺഗ്രസ് ബാങ്ക് വായ്പ മുഴുവനും അടച്ചശേഷം ബാങ്കിൽ നിന്നും വീടിന്റെ പ്രമാണം തിരികെ എടുത്തു.ഞാൻ ഇന്നലെ അടൂരിലെ വീട്ടിലെത്തി വീടിന്റെ പ്രമാണം കുട്ടിക്ക് കൈമാറി.
ഈ പ്രതിസന്ധിഘട്ടത്തിൽ കാരുണ്യത്തിന്റെ കരസ്പർശമായി പ്രവർത്തിച്ച സഹപ്രവർത്തകരെ, സുമനസുകളെ സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു; മനുഷ്യത്വം നമ്മെ മുന്നോട്ടു നയിക്കട്ടെ.

ഫേസ്‌ബുക് കുറിപ്പിലൂടെ ഉമ്മൻ ചാണ്ടി വിവരം പങ്കുവച്ചതോടെ അഭിനന്ദന പ്രവാഹമാണ്. യൂത്ത് കോൺഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ച് നിരവധി പേരാണ് പ്രതികരിക്കുന്നത്.