ലൊസാഞ്ചലസ് : പ്രമുഖ ടെലിവിഷൻ താരം ലിൻഡ്‌സി പേൾമാനെ (43) ലൊസാഞ്ചലസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 13 മുതൽ ഇവരെ കാണാനില്ലായിരുന്നുവെന്ന് ലൊസാഞ്ചലസ് പൊലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ല. കൗണ്ടി കോറോണർ സംഭവത്തെ കുറിച്ചു അന്വേഷിക്കും. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

ജനറൽ ഹോസ്പിറ്റൽ, എംബയർ തുടങ്ങി നിരവധി ടിവി ഷോകളിൽ അഭിനയിച്ച ലിൻഡ്‌സിക്ക് നിരവധി ആരാധകരുണ്ട്. അർബൻ പ്ലിക്സ് ടിവിയുടെ എട്ട് സീരിസുളിൽ ആറാമത്തേതിൽ ആണ് ഇവർ അവസാനമായി അഭിനയിച്ചത്. ഷിക്കാഗോ ജസ്റ്റിസ്, ദി പർജ് തുടങ്ങിയ ടിവി സീരിസിലും ഇവർ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഷിക്കാഗോയിലായിരുന്നു ലിൻഡ്സിയുടെ ജനനം. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി.ലൊസാഞ്ചലസിലെ മാരിപോസാ അവന്യുവിലാണ് ഇവരെ അവസാനമായി കണ്ടത്. ഇവിടെ നിന്നും മൂന്നു മൈൽ ദൂരെയുള്ള വെസ്റ്റ് ഇന്റർസെക്ഷൻ ഫ്രാങ്ക്‌ലിൻ അവന്യുവിലാണ് മൃതദേഹം കണ്ടെത്തിയത്. എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ലിൻസ്സെയുടെ മരണം തന്നെ തളർത്തിയതായി ഭർത്താവ് വാൻസ് സ്മിത്ത് പറഞ്ഞു.