- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റഷ്യൻ അധിനിവേശത്തിനു ശേഷമല്ല, മുൻപ് ഉപരോധം ഏർപ്പെടുത്തണം: യുക്രെയ്ൻ പ്രസിഡന്റ്
മ്യൂണിക് : റഷ്യ യുക്രെയ്നെ ആക്രമിച്ചതിനു ശേഷമല്ല, അതിനു മുൻപ് ഉപരോധനം ഏർപ്പെടുത്തണമെന്ന്വൊളോഡിമിയർ സെലിൻസ്‌കി ആവശ്യപ്പെട്ടു. മ്യൂണിക്കിൽ സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ്, നാറ്റോയിലെ മുപ്പത് രാജ്യങ്ങളോട് ഈ അഭ്യർത്ഥന നടത്തിയത്.
യുക്രെയ്നെ ആക്രമിക്കുകയാണെങ്കിൽമാത്രം റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയാൽ മതിയെന്ന അഭിപ്രായത്തോട് സെലിൻസ്‌കി വിയോജിപ്പ് രേഖപ്പെടുത്തി. ഏതെല്ലാം രാഷ്ട്രങ്ങൾ എന്തെല്ലാം ഉപരോധങ്ങളാണ് ഏർപ്പെടുത്തുകയെന്ന് ഉടനെ വെളിപ്പെടുത്തണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
റഷ്യ യുക്രെയ്നെ ആക്രമിച്ചാൽ പിന്നെ ഞങ്ങളുടെ അതിർത്തികൾ നഷ്ടപ്പെടും, സാമ്പത്തിക രംഗം പൂർണമായും തകരും അതിനുശേഷം എന്തിനാണ് റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത്? യുദ്ധം ആരംഭിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതിർത്തിയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുകയാണ്.അതിനിടെ, യുക്രെയ്നെ ആക്രമിച്ചാൽ റഷ്യക്കെതിരെ യുഎസും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തുമെന്ന് മ്യൂണിക്കിൽ സുരക്ഷാ സമ്മേളനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിയർ സെലിൻസ്‌കിയുമായി അവർ കൂടിക്കാഴ്ച നടത്തി. റഷ്യയ്ക്ക് പിന്മാറാൻ ഇനിയും അവസരമുണ്ടെന്നു നാറ്റോ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻബർഗ് മുന്നറിയിപ്പു നൽകി. ഏതു സാഹചര്യവും നേരിടാൻ യുക്രെയ്ൻ തയാറാണെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും അറിയിച്ചു.