കോഴിക്കോട്: കൊടുവള്ളി ദേശീയപാതയിൽ നഗരത്തിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കുറ്റമറ്റ രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പൊതുമരാമത്ത് (ദേശീയപാതാ വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവ് നൽകിയത്.

മദ്രസ അങ്ങാടിക്കു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രികരും ഒരു കാൽനട യാത്രക്കാരനും മരിച്ചത് സുരക്ഷ ഏർപ്പെടുത്താത്ത കമ്പനിയുടെ അശ്രദ്ധ കാരണമാണെന്ന പരാതി കമ്പനി നിഷേധിച്ചെങ്കിലും ആവശ്യമായ മുൻകരുതലുകൾ ബോർഡുകൾ സ്ഥാപിക്കുന്നതിൽ കമ്പനിക്ക് വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കൊടുവള്ളി പൊലീസ് ഇൻസ്‌പെക്ടർക്കാണ് നിർദ്ദേശം നൽകിയത്.

കമ്മീഷൻ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ദേശീയപാതാ വിഭാഗം) നിന്നും റിപ്പോർട്ട് വാങ്ങി. കമ്പനിയുമായുണ്ടാക്കിയ കരാറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവേണം പ്രവൃത്തി ചെയ്യേണ്ടതെന്ന് നിഷ്‌കർഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനു വേണ്ടി കുന്ദമംഗലം എം എൽ എയുടെ നേതൃത്വത്തിൽ യോഗങ്ങൾ നടത്തി കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു. അദാനി ഗ്യാസ് റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന് കാരണം ലോറിഡ്രൈവറുടെ അശ്രദ്ധയാണെന്ന് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കേസുകളിൽ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കമ്പനിയുടെ വാദങ്ങൾ പരാതി നൽകിയ പൊതുപ്രവർത്തകൻ എ. സി. ഫ്രാൻസിസ് തള്ളി.