- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാമ്പിങ്പിഴകൾ 80 യൂറോയിൽ നിന്ന് 125 യൂറോയാവും; ഡബ്ലിനിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ പിഴത്തുകകൾ കുത്തനെ ഉയർത്തി;മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ
ഡബ്ലിൻ നഗരത്തിലെ ക്ലാമ്പിങ് പിഴകൾ അടുത്ത ആഴ്ച 80 യൂറോയിൽ നിന്ന് 125 യൂറോയായി ഉയർത്തും. ഗതാഗത മന്ത്രി ഇമോൺ റയാന്റെ തീരുമാനത്തെത്തുടർന്ന് 56% വർദ്ധനവ് മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും.അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ പിഴത്തുകകൾ കുത്തനെ ഉയർത്താനാണ് ഡബ്ലിൻ സിറ്റി കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. 1998ൽ നിശ്ചയിച്ച പിഴത്തുകയാണ് ഇപ്പോൾ പുതുക്കിയത്.
2020 ജൂലൈയിൽ ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പിഴത്തുക വർധിപ്പിക്കുന്നതിന് അംഗീകാരം നൽകിയതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സ്വകാര്യ ക്ലാമ്പിംഗിന് നാഷണൽ ട്രാൻസ്പോർട്ട് അഥോറിറ്റി നിശ്ചയിച്ചിട്ടുള്ള പരമാവധി ചാർജാണ് ഇവിടെ നിശ്ചയിച്ചിട്ടുള്ളത്. ക്ലാമ്പിങ് നിരക്ക് വർധിപ്പിക്കുന്നതിന് മുമ്പ് ലോക്കൽ അഥോറിറ്റികളുമായി കൂടിയാലോചിച്ചിരുന്നെന്നും വകുപ്പ് പറഞ്ഞു.
ഡബ്ലിനിലെ ഗ്രാഫ്ടൺ സ്ട്രീറ്റിന് തൊട്ടുതാഴെയുള്ള ക്ലാരെൻസ് സ്ട്രീറ്റ്, സൗത്ത് സർക്കുലർ റോഡ്, റാനിലയിലെ ചെംസ്ഫോർഡ് റോഡ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ നഗരത്തിൽ അനധികൃത പാർക്കിംഗിന്റെ പേരിൽ ക്ലാപ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വർഷം, ഡബ്ലിനിൽ 39,917 വാഹനങ്ങൾക്കാണ് ക്ലാമ്പിങ് നടത്തിയത്. ഇതിൽ 2,863 അപ്പീലുകൾ ലഭിച്ചു. 475 എണ്ണം ശരിവെച്ചു. 2020ൽ 35,593 വാഹനങ്ങളാണ് ക്ലാമ്പ് ചെയ്തത്.
അതിനിടെ, പിഴത്തുക ഗണ്യമായി വർധിപ്പിച്ചതിനെതിരെ ഓട്ടോമൊബൈൽ അസോസിയേഷൻ പ്രതിഷേധമറിയിച്ചു. ക്ലാമ്പിങ് ആവശ്യമാണെങ്കിലും ഉയർന്ന പിഴ ഈടാക്കുന്നത് വാഹനമോടിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ദോഷകരമാണെന്ന് ഓട്ടോമൊബൈൽ അസോസിയേഷൻ പറഞ്ഞു.