- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ സംയുക്ത ഓർമ്മപ്പെരുന്നാൾ
ഷിക്കാഗോ: കോട്ടയം പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ എൺപത്തെട്ടാം ഓർമ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ പതിനാലാം ഓർമ്മപ്പെരുന്നാളും ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഫെബ്രുവരി 25,26,27 തീയതികളിൽ സംയുക്തമായി ആഘോഷിക്കും.
1963-ൽ അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയ നാൾമുതൽ ഭദ്രാസനത്തിന്റെ വളർച്ചയ്ക്കുവേണ്ടി പ്രയത്നിക്കുകയും, 1975 മുതൽ ഭദ്രാസനത്തിന്റെ പ്രഥമാധിപനായി ദീർഘകാലം സേവനം ചെയ്യുകയും ഏകദേശം 45 വർഷത്തിലധികം അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ചിരുന്ന തിരുമേനി ഇംഗ്ലണ്ടിൽ വച്ചുണ്ടായ കാർ അപകടത്തിൽ 2005-ൽ കാലംചെയ്തു.
അഭിവന്ദ്യ തിരുമേനിക്ക് ഈ ദേവാലയത്തോടുള്ള കരുതലും സ്നേഹവും എടുത്തുപറയേണ്ടൊരു സത്യമാണ്. 1998-ൽ അഭി. തിരുമേനി വിശുദ്ധ കുർബാന അർപ്പിച്ച് ഈ ഇടവക ആരംഭിച്ച്, 2005-ൽ ഇടവകയെ തന്റെ സ്വന്തം കത്തീഡ്രലായി ഉയർത്തി.
25-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം, ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തിൽ നടത്തുന്ന മധ്യസ്ഥ പ്രാർത്ഥനയോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. 26 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രാർത്ഥനായോഗം, 6 മണിക്ക് സന്ധ്യാ നമസ്‌കാരം, തുടർന്ന് അനുസ്മരണവും നടക്കും.
27 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, 10 മണിക്ക് വിശുദ്ധ കുർബാന, പ്രസംഗം, ധൂപപ്രാർത്ഥന ശേഷം മാർ ഗ്രിഗോറിയോസ് മെമോറിയൽ ഹാളിൽ സ്നേഹവിരുന്നും നടക്കും.
നോമ്പാചരണത്തോടും, ഭക്തിയോടും, വിശുദ്ധിയോടും കൂടി വന്ന് പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് കത്തീഡ്രൽ വികാരി ഫാ. ജോർജ് ടി. ഡേവിഡ് അഭ്യർത്ഥിക്കുന്നു.
ആഘോഷങ്ങളുടെ വിജയത്തിനായി ട്രസ്റ്റി ഗ്രിഗറി ഡാനിയേൽ, സെക്രട്ടറി ജിബു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.