- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട മലയാളി സിബു നായർക്ക് സ്വീകരണം നൽകി
ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ വരുവാൻ വൈമുഖ്യം കാണിച്ചിരുന്ന മലയാളികളുടെ ചിന്താഗതിയിൽ മാറ്റം വരുത്തിക്കൊണ്ട് പല സംസ്ഥാനങ്ങളിൽ നിന്നായി മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു വരുന്ന ഒരു കാലഘട്ടത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ന്യൂയോർക്ക്, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂജേഴ്സി, കണക്ടിക്കട്, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ മലയാളികൾ മുൻ വര്ഷങ്ങളിലേതിനേക്കാൾ കൂടുതലായി കടന്നുവരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അതിൽ ഏറ്റവും ഒടുവിലത്തെ തെളിവാണ് ന്യൂയോർക്ക് സംസ്ഥാനത്തെ ബഫല്ലോ എന്ന സിറ്റിയിൽ നിന്നും ന്യൂയോർക്ക് ഗവർണർ കാത്തി ഹൊക്കുളിന്റെ ഏഷ്യൻ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ മലയാളി സിബു നായർ. ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണറുടെ കീഴിലുള്ള ഈ ഒരു പദവിയിലേക്കു നിയമിക്കപ്പെടുന്ന ആദ്യ മലയാളിയാണ് സിബു.
അമേരിക്കൻ ഭാഗത്തെ നയാഗ്ര വെള്ളച്ചാട്ടം ഉൾക്കൊള്ളുന്ന പ്രമുഖമായ ബഫല്ലോ സിറ്റിയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ബഫല്ലോ യൂണിവേഴ്‌സിറ്റിയിലെ അസ്സോസിയേറ്റ് ഡയറക്ടറുമായ സിബു നായരെ ഗവർണർ കാത്തി തന്റെ ടീമിലെ ഏഷ്യൻ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടറായി ഏതാനും ദിവസങ്ങൾക്കു മുൻപാണ് നിയമിച്ചത്. തന്നിൽ നിക്ഷിപ്തമായ ചുമതലയിൽ പ്രവേശിക്കുന്നതിനും ന്യൂയോർക്ക് സിറ്റിക്ക് ചുറ്റുപാടുമുള്ള ഏഷ്യൻ കമ്മ്യൂണിറ്റി നേതാക്കളുമായി സംവാദിക്കുന്നതിനുമായി സിറ്റിയിൽ എത്തിയ സിബു നായർക്ക് ലോങ്ങ് ഐലൻഡ് - ക്വീൻസ് ഭാഗത്തെ മലയാളികൾ ഊഷ്മളമായ സ്വീകരണം നൽകി.
നസ്സോ കൗണ്ടി മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ ബോർഡ് അംഗവും സെനറ്റർ കെവിൻ തോമസിന്റെ കമ്മ്യൂണിറ്റി ലയസൺ ഓഫീസറുമായ അജിതുകൊച്ചൂസ് എന്ന അജിത് എബ്രഹാം കൊച്ചുകുടിയിലാണ് യോഗം സംഘടിപ്പിച്ചത്. ബെല്ലറോസിലുള്ള ടേസ്റ്റ് ഓഫ് കൊച്ചി റെസ്റ്റാറന്റിൽ സംഘടിപ്പിച്ച മീറ്റിംഗിൽ വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു മുപ്പതിലധികം മലയാളികൾ പങ്കു ചേർന്നു.
കൊല്ലം ജില്ലയിൽ ശൂരനാട് സ്വദേശിയായ സിബു നായർ, ബഫല്ലോ സിറ്റിയിൽ വര്ഷങ്ങളായി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു. അതിനാൽ തന്നെ ആ പ്രദേശത്തെ മലയാളികളുടെ ഇടയിൽ സുപരിചിതനാണ് അദ്ദേഹം. രണ്ടു വര്ഷങ്ങള്ക്കു മുൻപ് ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും സ്റ്റേറ്റ് സെനറ്റർ ആയി മത്സരിക്കുവാൻ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെട്ട വ്യക്തിയാണ് സിബു. ബഫല്ലോ സിറ്റിയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന സിബു, മലയാളികളുടെ എന്ത് ആവശ്യങ്ങളിലും തന്നാലാകുന്ന വിധം സഹായഹസ്തം നീട്ടുന്ന വ്യക്തികൂടിയാണ്. ബഫല്ലോ സിറ്റിയിൽ മഹാത്മാ ഗാന്ധിജിയുടെ ഒരു പ്രതിമ സ്ഥാപിക്കുന്നതിനും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽ ത്രിവർണ്ണ പതാകയുടെ നിറത്തിൽ ലൈറ്റ് ഷോ നടത്തുന്നതിനും, ക്രിക്കറ്റ് കളിയുടെ പ്രൊമോഷനായി ഒരു ഗ്രവുണ്ട് സ്ഥാപിക്കുന്നതിനും സാധിച്ചത് സിബുവിന്റെ ഇടപെടൽ മൂലം മാത്രമാണ്.
ഗവർണറുടെ നസ്സോ കൗണ്ടി പ്രതിനിധി ആൻഡ്രൂ മുൽവിയും സിബുവിനൊപ്പം മലയാളി നേതാക്കളുമായി സംവാദിക്കാൻ എത്തിയിരുന്നു. പ്രോഗ്രാം ഓർഗനൈസർ അജിതുകൊച്ചൂസ്, കേരളാ സെന്റെർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ, സിറ്റി മേയറുടെ പ്രതിനിധി ഡോ. ബിന്ദു ബാബു, പ്രമുഖ കാർഡിയോളോജിസ്റ്റ് ഡോ. നിഷ പിള്ള, കേരള കൾച്ചർ അസോസിയേഷൻ പ്രതിനിധി ഫിലിപ്പ് മഠത്തിൽ, ടോബിൻ മഠത്തിൽ, ഇന്ത്യൻ കോൺസുലേറ്റ് മുൻ പ്രോട്ടോകോൾ ഓഫീസർ മാത്യുക്കുട്ടി ഈശോ, നഴ്‌സിങ് അസോസിയേഷൻ പ്രതിനിധികളായ മേരി ഫിലിപ്പ്, ലീലാമ്മ അപ്പുകുട്ടൻ, ഫിലിപ്പ്, അപ്പുകുട്ടൻ, ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് പ്രസിഡന്റ് സജി തോമസ്, ന്യൂയോർക്ക് മലയാളി അസോസിയേഷൻ ട്രെഷറർ ജോർജ് കൊട്ടാരം, നായർ ബെനെവെലെന്റ് അസോസിയേഷൻ പ്രതിനിധികൾ രാജഗോപാൽ നായർ, രാജേശ്വരി രാജഗോപാൽ, എക്കോ ചാരിറ്റി ഓർഗനൈസഷൻ പ്രതിനിധി ബിജു ചാക്കോ, ന്യൂയോർക്ക് പൊലീസ് ദേശി സൊസൈറ്റി പ്രസിഡന്റ് രവി നാരായണൻ, പ്രതിനിധി രമേഷ് പ്രബിദിൻ, സാമൂഹിക പ്രവർത്തകൻ കോശി തോമസ്, ന്യൂയോർക്ക് കേരള സമാജം പ്രതിനിധികൾ ഡോ. ജേക്കബ് തോമസ്, കുഞ്ഞു മാലിയിൽ, ടേസ്റ്റ് ഓഫ് കൊച്ചി റെസ്റ്റോറന്റ് ഉടമ ചെറിയാൻ അരികുപുറത്തു, റിയൽറ്റർ ജോസ് തെക്കേടം, റെജി കുരിയൻ, ഗ്ലോബൽ ന്യൂസ് എഡിറ്റർ ഷാജി എണ്ണശ്ശേരിൽ, എബ്രഹാം പുതുശ്ശേരിൽ, ജിജോയ് എബ്രഹാം, ഷിബു സന്തൂർ, ബോബൻ തോട്ടം തുടങ്ങി സമൂഹത്തിലെ പ്രമുഖ മലയാളികൾ സ്വീകരണ യോഗത്തിൽ പങ്കെടുത്തു. മലയാളി സമൂഹത്തിനു വേണ്ട എല്ലാ സഹായങ്ങളും തന്നാലാകും വിധം ചെയ്യാമെന്ന് സിബു നായർ പ്രതിനിധികളുമായുള്ള സംവാദത്തിൽ പ്രസ്താവിച്ചു.