- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നരേന്ദ്ര മോദിയുമായി ടിവിയിൽ സംവാദം നടത്താം'; പ്രശ്നങ്ങൾ പരിഹരിക്കണം; ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിനു ജനങ്ങൾക്ക് ഇത് ഉപകാരപ്പെടും'; റഷ്യ സന്ദർശനത്തിനിടെ നിർദേശവുമായി ഇമ്രാൻ ഖാൻ; പ്രതികരിക്കാതെ ഇന്ത്യ
ഇസ്ലാമാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു ടെലിവിഷൻ സംവാദത്തിന് തയാറാണെന്ന് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രണ്ട് രാജ്യങ്ങൾക്കുമിടയിലുള്ള അഭിപ്രായഭിന്നതകളും മറ്റ് പ്രശ്നങ്ങളും പരിഹരിക്കാൻ മോദിയുമായി സംവാദത്തിന് തയാറാണെന്നായിരുന്നു ഇമ്രാൻ ഖാൻ ചൊവ്വാഴ്ച പറഞ്ഞത്.
''ടെലിവിഷനിൽ മോദിക്കൊപ്പം ഒരു സംവാദത്തിലേർപ്പെടാൻ സാധിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു,'' റഷ്യ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. സംവാദത്തിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണെങ്കിൽ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു ബില്യണിലധികം വരുന്ന ജനങ്ങൾക്ക് ഉപകാരമായി മാറുമെന്നും ഖാൻ കൂട്ടിച്ചേർത്തു.
75 വർഷം മുമ്പ് സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. അതിനുശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ മൂന്ന് യുദ്ധങ്ങൾ നടത്തിയിരുന്നു.
അതേസമയം, ഇമ്രാൻ ഖാന്റെ പ്രസ്താവനയോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യ സന്ദർശനത്തിനിടെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. മോസ്‌കോയിലെത്തിയ ഖാൻ വൈകാതെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തും. രണ്ട് പതിറ്റാണ്ടിനിടയിൽ റഷ്യ സന്ദർശിക്കുന്ന ആദ്യത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. രണ്ട് ദിവസത്തെ സന്ദർശനമാണ് ഖാൻ നടത്തുന്നത്. ഉക്രൈൻ വിഷയം കത്തിനിൽക്കെയാണ് സന്ദർശനമെന്നതും ചർച്ചയാവുന്നുണ്ട്.
ഭീകരതയെ പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ഭീകരവാദവും ചർച്ചയും ഒരേസമയം സാധ്യമല്ലെന്നുമാണു പലതവണ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. ഭീകരർക്കെതിരെ പാക്കിസ്ഥാൻ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പഠാൻകോട്ട് ഭീകരാക്രമണം, 2019ലെ പുൽവാമ ഭീകരാക്രമണം എന്നിവയിലെല്ലാം പ്രതിസ്ഥാനത്തു പാക്കിസ്ഥാനാണ്. ഭീകരവാദം ഇല്ലാതാക്കിയാലേ സംവാദത്തിനു സാധ്യതയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്കെതിരെ അവർ നടപടിയെടുക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. ക്രോസ് ബോർഡർ തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുന്നത്.




