മഡ്ഗോവ: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി ആദ്യ നാലിൽ തിരിച്ചെത്തി മുംബൈ സിറ്റി എഫ് സി. ഫത്തോഡയിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം. രണ്ടാംപകുതിയുടെ തുടക്കത്തിൽ ബിപിൻ സിംഗാണ് മുംബൈ സിറ്റിയുടെ വിജയഗോൾ നേടിയത്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈയും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. സീസണിലെ പത്താം തോൽവിയാണ് ഈസ്റ്റ് ബംഗാൾ നേരിട്ടത്.

ഫത്തോഡയിൽ ഇഗോർ അൻഗ്യൂലോയെ ഏക സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് മുംബൈ സിറ്റി കളത്തിലിറങ്ങിയത്. ഈസ്റ്റ് ബംഗാളാവട്ടെ ബെർണാഡിനെയും ഹോക്കിപ്പിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ഫോർമേഷനിലും. ആദ്യപകുതിയിൽ പന്ത് വലയിലെത്തിക്കാൻ ഇരു ടീമിനുമായില്ല.

രണ്ടാംപകുതിയിൽ 47-ാം മിനുറ്റിൽ ഗോൾ നേടാനുള്ള സുവർണാവസരം അൻഗ്യൂലോ പാഴാക്കി. എന്നാൽ 51-ാം ബിപിൻ സിങ് മുംബൈക്ക് ലീഡ് സമ്മാനിച്ചു. ബ്രാഡ് ഇന്മാനിന്റെ പാസിൽ മാർക്ക് ചെയ്യപ്പെടാണ്ട് നിൽക്കുകയായിരുന്ന ബിപിൻ സിങ് വല ചലിപ്പിക്കുകയായിരുന്നു. പിന്നാലെ ഇരു ടീമുകളുടെ സബ്സ്റ്റിറ്റിയൂട്ടുകളെ പരീക്ഷിച്ചെങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. നാല് മിനുറ്റ് അധികസമയം മുതലാക്കാനും ഇരു കൂട്ടർക്കുമായില്ല.

ജയത്തോടെ 17 മത്സരങ്ങളിൽ എട്ട് ജയവും 28 പോയിന്റുമായി മുംബൈ സിറ്റി നാലാം സ്ഥാനത്തെത്തി. 17 കളികളിൽ 32 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയും 16 കളികളിൽ 31 പോയിന്റുള്ള ജംഷഡ്പൂർ എഫ്സിയും 16 മത്സരങ്ങളിൽ 30 പോയിന്റുമായി എടികെ മോഹൻ ബഗാനും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തുടരുകയാണ്. അതേസമയം സീസണിൽ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാൾ 10 പോയിന്റോടെ അവസാന സ്ഥാനത്ത് തുടരുന്നു.

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഹൈദരാബാദ് എഫ്സിയെ നേരിടും. ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്സ് ഒറ്റ ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു. 16 കളികളിൽ 27 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മുംബൈക്ക് പിന്നിലായി അഞ്ചാമത് നിൽക്കുന്നു. ജയിച്ച് ആദ്യ നാലിൽ കസേര ഉറപ്പിക്കാനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.