നാസി ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന ബില്ലിന് ന്യൂസൗത്ത് വെയ്ൽസ് പാർലമെന്ററി സമിതി ഏകകണ്ഠമായി പിന്തുണ അറിയിച്ചതോടെ നാസി ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് നിരോധിച്ചേക്കും. അതേസമയം ഹൈന്ദവ കേന്ദ്രങ്ങളിൽ സ്വാസ്തിക ചിഹ്നം ഉപയോഗിക്കുന്നതിന് സമിതി ഇളവ് നൽകിയിട്ടുണ്ട്. നടപടിയെ ഹിന്ദു യഹൂദ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്.

നാസി ചിഹ്നങ്ങളുടെ പ്രദർശനം തടയാൻ ലക്ഷ്യമിട്ട് ലേബർ പൊലീസ് വക്താവ് വാൾട്ട് സെക്കോർഡ് മുന്നോട്ട് വെച്ച ബില്ലിനാണ് NSW പാർലമെന്റ് സമിതി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.ബില്ലിന്റ സംരക്ഷണ ലക്ഷ്യങ്ങളെ ശക്തമായ പിന്തുണക്കുന്നതായി സമിതി അറിയിച്ചു. അന്വേഷണത്തിൽ പങ്കെടുത്തവരാരും നാസി ചിഹ്നങ്ങൾ നിരോധിക്കാനുള്ള ബില്ലിന്റ ലക്ഷ്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും സമിതി വ്യക്തമാക്കി.

സ്വാസ്തിക ചിഹ്നത്തിന് ഹൈന്ദവ വിശ്വാസം പ്രാധാന്യം കൽപ്പിക്കുന്നതിനാൽ ചില ഇളവുകളും സമിതി ശുപാർശ ചെയ്തു. സ്വാസ്തിക ചിഹ്നം ചരിത്രപരമോ, വിദ്യാഭ്യാസപരമോ ആയ ചടങ്ങുകളിലും, കേന്ദ്രങ്ങളിലും ഉപയോഗിക്കാമെന്ന് സമിതി നിർദ്ദേശിച്ചു.

'നാസി സ്വാസ്തിക തിന്മയുടെ ചിഹ്നമാണ്. ദശലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയതിനെയാണത് പ്രതിനിധീകരിക്കുന്നത്. ഏറ്റവും മനുഷ്യത്വരഹിതവും, വിദ്വേഷവും,കൊലപാതകവും അടിസ്ഥാനമാക്കിയുള്ള ഭരണകൂടങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയുമാണ് അത് സൂചിപ്പിക്കുന്നത്.

നിരോധനം ലംഘിക്കുന്ന വ്യക്തിക്ക് 5,500 ഡോളർ പിഴയോ, ആറ് മാസത്തെ തടവോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ നൽകാനാണ് ബില്ലിൽ ശുപാർശ ചെയ്തിരിക്കുന്നത്.ബിൽ സംസ്ഥാന പാർലമെന്റിൽ ഉടൻ ചർച്ച ചെയ്യുമെന്നാണ് സൂചന.