മുംബൈ: സൈബർ സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ മുംബൈ പൊലീസ് പുറത്തുവിട്ട പുതിയ ട്വീറ്റ് തരംഗമാകുന്നു. ആരുമായും നിങ്ങളുടെ ഒ.ടി.പി പങ്കുവെക്കരുത്. ഇത് നിങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടപ്പെടുന്നതിന് കാരണമാകും എന്നാണ് ട്വീറ്റ് പറഞ്ഞുവെക്കുന്നത്.

ഈയിടെ റിലീസ് ചെയ്ത ഗെഹ്രായിയാൻ എന്ന ബോളിവുഡ് ചിത്രത്തിലെ 'ഹാ ഡൂബേ... ഹാ ഡൂബേ' എന്ന പാട്ടിന്റെ വരികൾ പങ്കുവെച്ച് കൊണ്ടാണ് തമാശരൂപത്തിലുള്ള മുംബൈ പൊലീസിന്റെ ട്വീറ്റ്. ഡൂബെ എന്ന ഹിന്ദി വാക്കിനർത്ഥം മുങ്ങിപ്പോകുക എന്നാണ്. ഒ.ടി.പി ഷെയർ ചെയ്താൽ നിങ്ങളുടെ പണവും മുങ്ങിപ്പോകും എന്നാണ് പൊലീസ് പറയുന്നത്.

''ഹാ ഡൂബേ, ഹാ ഡൂബേ, ഹാ ഡൂബേ; ഒ.ടി.പി ഷെയർ ചെയ്ത ശേഷമുള്ള നിങ്ങളുടെ പണം. ബോധവാന്മാരായിരിക്കുക, സൈബർ സുരക്ഷ ഉറപ്പുവരുത്തുക,'' ട്വീറ്റിൽ പറയുന്നു. ചൊവ്വാഴ്ച പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ലൈക്കുകളും ട്വീറ്റിന് ലഭിക്കുന്നുണ്ട്. ഫെബ്രുവരി 11നായിരുന്നു ഗെഹ്രായിയാൻ റിലീസ് ചെയ്തത്.

ദീപിക പദുക്കോൺ, അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുർവേദി, ധൈര്യ കർവ, നസ്റുദ്ദീൻ ഷാ, രജത് കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശകുൻ ബത്രയാണ് സംവിധാനം ചെയ്ത ചിത്രം ധർമ്മ പ്രൊഡക്ഷൻ, വയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചത്.

ഗെഹ്രായിയാനിൽ സഹതാരം സിദ്ധാന്ത് ചതുർവേദിയോടൊപ്പം വളരെ ഇഴുകിച്ചേർന്നാണ് ദീപിക അഭിനയിക്കുന്നത്. നിരവധി ചുംബനരംഗങ്ങളുള്ള ചിത്രത്തിൽ ഈ രംഗങ്ങളിൽ അഭിനയിക്കുന്നതിന് രൺവീർ സിങ്ങിന്റെ അനുവാദം ദീപിക ചോദിച്ചിരുന്നോയെന്ന് ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ മാധ്യമപ്രവർത്തകർ ചോദ്യമുയർന്നിരുന്നു. 'yuck' എന്നായിരുന്നു ഇതിനോടുള്ള ദീപികയുടെ പ്രതികരണം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ചിത്രത്തിലെ അഭിനയത്തെ വാഴ്‌ത്തി ഗാനരംഗത്തിലേതിന് സമാനമായ ചിത്രം പോസ്റ്റ് ചെയ്ത് രൺവീർ രംഗത്തെത്തിയിരിക്കുന്നത്.