സൗദിയിൽ ദേശീയ ഉദ്യാനങ്ങളിലും വനങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് അധികൃതർ അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാൽ രണ്ടായിരം റിയാൽ വരെ പിഴ ചുമത്തും. കൂടാതെ മാലിന്യങ്ങൾ കുഴിച്ച് മൂടുന്നതും കത്തിക്കുന്നതും വിലക്കിയിട്ടുണ്ട്.

ഉദ്യാനങ്ങളിലും വനങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കാനായി പ്രത്യേക സ്ഥലങ്ങളൊരുക്കിയിട്ടുണ്ട്. ഇവിടെ മാത്രമേ ഇവ നിക്ഷേപിക്കാൻ പാടുള്ളൂ. നിയമലംഘനം നടത്തിയാൽ ആദ്യ തവണ 500 റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴ 1000 റിയാലാക്കി ഉയർത്തും. മൂന്നാം തവണയും കുറ്റം ആവർത്തിച്ചാൽ 2000 റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.