- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഓമിക്രോൺ നിശബ്ദ കൊലയാളി; നാലു ദിവസത്തിനകം രോഗമുക്തനായി; 25 ദിവസമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു'; പ്രതിസന്ധി തുറന്നുപറഞ്ഞു ചീഫ് ജസ്റ്റിസ് എൻ.വി.രമണ

ന്യൂഡൽഹി: ഓമിക്രോൺ 'നിശബ്ദനായ കൊലയാളി'യാണെന്നും ഒരുമാസം മുൻപ് രോഗബാധിതനായ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. രോഗമുക്തി വളരെ പതുക്കെ മാത്രമാണ് നടക്കുന്നതെന്നും എൻ വി രമണ പറഞ്ഞു. സുപ്രീം കോടതിയിൽ നേരിട്ടു വാദം കേൾക്കണമെന്ന അഭ്യർത്ഥന പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
'നിങ്ങൾക്കറിയാമോ, ഓമിക്രോൺ നിശബ്ദനായ കൊലയാളിയാണ്. ആദ്യ തരംഗത്തിൽ എനിക്കും രോഗം ബാധിച്ചിരുന്നു. പക്ഷേ നാലു ദിവസത്തിനകം രോഗമുക്തനായി. ഇപ്പോൾ 25 ദിവസമായി അതിന്റെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുകയാണ്' ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി ബാർ അസോസിയേഷൻ തലവനായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ്ങാണ് കോടതി നേരിട്ടു വാദം കേൾക്കുന്ന രീതി പുനഃരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചത്.
നിലവിൽ ആഴ്ചയിൽ രണ്ടു തവണ മാത്രമാണു കോടതി നേരിട്ടു വാദം കേൾക്കുന്നത്. ബാക്കി ദിവസങ്ങളിൽ ഓൺലൈനായാണു പ്രവർത്തനം. 15,000 കേസുകളുടെ വർധനയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോൾ, ഓമിക്രോണിന് തീവ്രത കുറവാണെന്നു വികാസ് സിങ് വ്യക്തമാക്കി. കോവിഡ് മുക്തനായിട്ടും ഇപ്പോഴും ദുരിതമനുഭവിക്കുകയാണെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ അതു ദൗർഭാഗ്യകരമെന്നും ആളുകൾ കൂടുതലായി രോഗമുക്തി നേടുകയാണെന്നും സിങ് പറഞ്ഞു.
'നമുക്കു നോക്കാം' എന്നാണു ചീഫ് ജസ്റ്റിസ് ഇതിനു നൽകിയ മറുപടി. ജനുവരിയിൽ സുപ്രീം കോടതിയിൽ കോവിഡ് പടർന്നു പിടിച്ചിരുന്നു. 10 ജഡ്ജിമാർക്കു കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാർക്കിടയിലെ രോഗസ്ഥിരീകരണ നിരക്ക് 30 ശതമാനമായി ഉയർന്നിരുന്നു. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഫിസിക്കൽ ഹീയറിങ് നടത്തണമെന്ന ആവശ്യത്തിൽ പിന്നീട് തീരുമാനമെടുക്കാം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


