ചെന്നൈ: തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം (എംഎൻഎം) വമ്പൻ തോൽവി നേരിട്ടതിന് പിന്നാലെ ജനവധിയെ പരിഹസിച്ച് പാർട്ടി അധ്യക്ഷനും നടനുമായ കമൽഹാസൻ.

സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതിൽ വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം നിരവധി സീറ്റുകളിൽ മത്സരിച്ചെങ്കിലും കമൽഹാസന്റെ എംഎൻഎം ഒരൊറ്റ സീറ്റിൽ പോലും വിജയിച്ചിരുന്നില്ല.

'ജനവിധി അംഗീകരിക്കുന്നുവെന്ന് പറയുന്നത് ഒരു ഔപചാരികതയാണ്, അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നു. ചരിത്രത്തിൽ ഉദാഹരണങ്ങളുണ്ട്. ഞങ്ങളെപ്പോലുള്ള സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതിൽ വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ല. എന്നാൽ ഞങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ജോലി തുടരും.'- കമൽഹാസൻ പ്രസ്താവനയിൽ പറഞ്ഞു.

തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യം വിജയം വൻവിജയമാണ് നേടിയത്. എ.ഐ.എ.ഡി.എം.കെ.യുടെ കോട്ടയായിരുന്ന കോയമ്പത്തൂർ അടക്കം സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും സഖ്യം നേടി. 138 മുനിസിപ്പാലിറ്റികളിൽ 133-ലും 489 നഗരപ്പഞ്ചായത്തുകളിൽ 437-ലും ഭരണം പിടിച്ചു. ഡി.എം.കെ. സഖ്യകക്ഷികളായ കോൺഗ്രസ്, സിപിഐ., സിപിഎം., എം.ഡി.എം.കെ., വി സി.കെ., മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളും നേട്ടമുണ്ടാക്കി.

എന്നാൽ മുഖ്യപ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ.യ്ക്ക് ഒരു കോർപ്പറേഷനിൽപ്പോലും ഭരണം നിലനിർത്താൻ സാധിച്ചില്ല. മൂന്ന് മുനിസിപ്പാലിറ്റികളിലും 14 നഗരപ്പഞ്ചായത്തുകളിലും മാത്രമാണ് ഭൂരിപക്ഷം നേടാനായത്. എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യം ഉപേക്ഷിച്ച് തനിച്ചു മത്സരിച്ച ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ നേടി. രണ്ട് നഗരപ്പഞ്ചായത്തുകളിൽ ബിജെപി.ക്കു ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.