- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാശ്മീരിൽ കനത്ത മഞ്ഞുവീഴ്ച; എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കി; ദേശീയപാത അടച്ചു
ശ്രീനഗർ: കാശ്മീർ താഴ്‌വരയിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ദൂരക്കാഴ്ച കുറവായതിനാൽ ശ്രീനഗറിലെ എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കി. മഞ്ഞുവീഴ്ചയിൽ വൈദ്യുത ലൈനുകൾക്കും പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ താഴ്‌വരയിൽ ഉടനീളം വൈദ്യുതി മുടങ്ങി.
ശ്രീനഗർ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. കനത്ത മഞ്ഞ് കാരണം 400 മീറ്റർ ദൂരത്തോളം മാത്രമേ കാഴ്ച ലഭിക്കുന്നുള്ളു. വിമാനത്താവളത്തിൽ തുടർച്ചയായ മഞ്ഞുവീഴ്ചയാണെന്നും മഞ്ഞ് നീക്കുന്ന പ്രവർത്തനങ്ങൾ റൺവേയിലും പാർക്കിങ് സ്ഥലത്തും പുരോഗമിക്കുകയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
തെക്കൻ കാശ്മീരിലെ സമതലങ്ങളിൽ രണ്ടടി മുതൽ മൂന്നടി വരെ മഞ്ഞ് മൂടിയപ്പോൾ മധ്യകാശ്മീരിൽ ഒന്ന് മുതൽ 1.5 അടി വരെയും വടക്കൻ കശ്മീരിൽ ആറ് ഇഞ്ച് മുതൽ ഒരടി വരെയുമാണ് മഞ്ഞ് മൂടിയത്. കൂടാതെ, മലയോര മേഖലകളിൽ നാല് അടി വരെ മഞ്ഞ് പെയ്തത് സാധാരണ ജീവിതത്തെയും സേവനങ്ങളെയും ബാധിച്ചു.
മണ്ണിടിച്ചിലും ഹിമപാതവും മഞ്ഞുവീഴ്ചയും കാരണം ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചു. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു റോഡാണ് ശ്രീനഗർ-ജമ്മു ദേശീയ പാത. ബാരാമുള്ളയ്ക്കും ബനിഹാലിനും ഇടയിലുള്ള റെയിൽ ഗതാഗതവും നിർത്തിവച്ചു. ഇതിനിടെ കശ്മീർ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
ന്യൂസ് ഡെസ്ക്