തിരുവനന്തപുരം: മാനസികാരോഗ്യ രംഗത്ത് കാലോചിതമായ പരിഷ്‌കരണം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 'മാനസികാരോഗ്യ സാക്ഷരത' ഉറപ്പാക്കുന്നതിനായി ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഫീൽഡുതല ആശുപത്രികളിൽ രോഗ സ്വഭാവമനുസരിച്ച് മാനസികാരോഗ്യ ചികിത്സ ഉറപ്പാക്കും. പുനരധിവാസം സാധ്യമാക്കുന്നതിന് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തും. സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ എൻ ഷംസുദ്ദീൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകൾ അടിയന്തരമായി നികത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ തസ്തതികൾ സൃഷ്ടിക്കാൻ കഴിയുമോ എന്ന കാര്യം സർക്കാർ പ്രത്യേകം പരിശോധിക്കുന്നു. കോഴിക്കോട്, തൃശൂർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചകൾ എന്തെങ്കിലും സംഭവിച്ചിട്ടുള്ളതായി കണ്ടെത്തുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പൊതുസ്ഥിതി പരിശോധിക്കുന്നതിനും പരിഷ്‌കരണ പ്രവർത്തനങ്ങൾക്ക് എന്തൊക്കെ ഇടപെടലുകൾ നടത്തേണ്ടതുണ്ട് എന്നത് സംബന്ധിച്ച ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് നാല് സെക്യൂരിറ്റി ജീവനക്കാരെ പുതുതായി നിയമിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടികൾ പൂർത്തീകരിച്ച് വനിതകൾ ഉൾപ്പെടെയുള്ള നാല് സെക്യൂരിറ്റി ജീവനക്കാരെ ഉടനടി നിയമിക്കുന്നതണ്. വാർഡുകളിൽ കൂടുതൽ സി.സി.ടി.വി.കൾ സ്ഥാപിച്ചും ആശുപത്രി കോമ്പൗണ്ടിനുള്ളിൽ കൂടുതൽ ഇലക്ട്രിക് ബൾബുകൾ സ്ഥാപിച്ചും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചു വരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജിവനക്കാർക്ക് ബോധവൽക്കരണ പരിപാടികളും പരിശീലനവും മറ്റും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.