ഗുരുവായൂർ: താന്ത്രികവിധികളോടെ ജലദേവന്റെയും പുണ്യനദികളുടെയും സാന്നിധ്യം വരുത്തിയ രുദ്രതീർത്ഥക്കുളത്തിൽ ഗുരുവായൂരപ്പൻ ആറാടി. ദേവചൈതന്യം ഏറ്റുവാങ്ങിയ തീർത്ഥക്കുളത്തിൽ ആറാട്ടുകുളിച്ച് ആയിരങ്ങൾ പ്രാർത്ഥിച്ചു. കോവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ രണ്ടുവർഷം ഭക്തർക്ക് ആറാട്ടുകുളി നടന്നില്ല. ആറാട്ടു കഴിഞ്ഞ് ക്ഷേത്രത്തിൽ പതിനൊന്ന് ഓട്ടപ്രദക്ഷിണത്തിനുശേഷം ബുധനാഴ്ച അർധരാത്രിയിൽ പത്തുദിവസത്തെ ഉത്സവത്തിന്റെ കൊടിയിറങ്ങി.

തീർത്ഥക്കുളം ചുറ്റിയുള്ള യാത്രാബലി എഴുന്നള്ളിപ്പിനു ശേഷമായിരുന്നു ആറാട്ട്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ബലിതൂവി മുന്നിൽനീങ്ങി. കൊമ്പൻ നന്ദൻ സ്വർണക്കോലത്തിൽ പഞ്ചലോഹത്തിടമ്പേറ്റി. ആറാട്ടുകടവിൽ പൊൻപീഠത്തിൽ തിടമ്പിന് ഇളനീരും മഞ്ഞൾപ്പൊടിയും അഭിഷേകംചെയ്തു. പാപനാശിനിസൂക്തം ജപിച്ച് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് തിടമ്പുമായി കുളത്തിൽ മുങ്ങിക്കയറിയതോടെ ഭക്തർ കുളത്തിലേക്ക് പ്രവഹിച്ചു.