- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രെയിൻ തലസ്ഥാനമായ കീവിൽ പ്രവേശിച്ച് റഷ്യൻ സൈന്യം; 14 സൈനികർ സഞ്ചരിച്ച യുക്രെയിൻ വിമാനം കീവിന് അടുത്ത് തകർന്നുവീണു; വ്യോമാക്രമണത്തിൽ ഇരയായത് സാധാരണക്കാരടക്കം നൂറിലധികം പേർ; അടിയന്തര യോഗം ചേർന്ന് നാറ്റോ
കീവ്: യുക്രെയിനിൽ നാശം വിതച്ച് റഷ്യയുടെ അധിനിവേശം. തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം പ്രവേശിച്ചു. കീവിനടുത്ത് ബ്രോവറിയിലുണ്ടായ വ്യോമാക്രമണത്തിൽ, ആറ് പേർ അടക്കം 10 സാധാരണക്കാർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നാൽപതിലധികം യുക്രെയിൻ സൈനികരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അമ്പതോളം റഷ്യൻ സൈനികരെ വകവരുത്തിയെന്നും, ആറ് രഷ്യൻ വിമാനങ്ങൾ വെടിവെച്ച് വീഴ്‌ത്തിയെന്നും യുക്രെയിൻ അവകാശപ്പെട്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, 14 സൈനികർ സഞ്ചരിച്ച യുക്രെയിൻ വിമാനം കീവിനടുത്ത് തകർന്നുവീണതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. കീവിൽ യുക്രൈൻ പ്രതിരോധ രഹസ്യാന്വേഷണ ആസ്ഥാനത്തിന് സമീപം ഉഗ്ര സ്‌ഫോടനം. മി 8 ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി റിപ്പോർട്ട്.
പ്രാദേശിക സമയം പുലർച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ക്രൈമിയ, ബെലാറസ് എന്നീ മേഖലകളിൽ നിന്നും കരിങ്കടൽ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്‌ഫോടനമുണ്ടായി. കാർഖിവിൽ മലയാളി വിദ്യാർത്ഥികൾ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യൻ മിസൈലാക്രമണം ഉണ്ടായി.
വ്യോമാക്രമണത്തിൽ കാർഖിവിലെ അപ്പാർട്ട്‌മെന്റിന് നാശമുണ്ടായിട്ടുണ്ട്. ആളപായം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കീവ് ബോറിസ്പിൽ, നിക്കോളേവ്, ക്രാമാറ്റോർസ്‌ക്, ഖെർസോൻ വിമാനത്താവളങ്ങൾ റഷ്യൻ ആക്രമണത്തിൽ തകർന്നു. കാർഖിവിലെ മിലിറ്ററി എയർപോർട്ടിനും മിസൈലാക്രമണത്തിൽ കനത്ത നാശം നേരിട്ടു. ഇവാനോ-ഫ്രാങ്കിവ്‌സ്‌ക് വിമാനത്താവളത്തിലും റഷ്യൻ മിസൈൽ പതിച്ചു.
യുക്രെയിന്റെ കിഴക്കൻ മേഖലകളിലെ രണ്ടു പ്രദേശങ്ങൾ റഷ്യൻ സൈന്യം പിടിച്ചെടുത്തു. റഷ്യക്കൊപ്പം വിമതരും യുക്രൈൻ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലുഹാൻസ്‌ക് പട്ടണത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റ് പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകം യുക്രെയ്‌നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
അപലപിച്ച് യൂറോപ്യൻ രാജ്യങ്ങൾ
റഷ്യ യുക്രെയിനിൽ നിന്ന് ഉപാധികളില്ലാതെ പിന്മാറണമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ആവശ്യപ്പെട്ടു.റഷ്യയുടെ യുക്രെയിൻ ആക്രമണം, യൂറോപ്പിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.
യുക്രെയിനിന് ഒപ്പമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തും. ഈ പ്രതിസന്ധികാലത്ത് ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്ന് യുക്രൈൻ ജനതയ്ക്ക് യുകെ പ്രധാനമന്ത്രി ഉറപ്പ് നൽകി.
അടിയന്തര യോഗം ചേർന്ന് നാറ്റോ
യുക്രെയിനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ അടിയന്തര യോഗം ചേർന്ന് നാറ്റോ. 'ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്, യൂറോ-അറ്റ്ലാന്റിക് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്,' നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പ്രസ്താവനയിൽ പറഞ്ഞു.
നാറ്റോ സംഘടന എന്ന നിലയിൽ നിലവിൽ യുക്രെയിന് ആയുധങ്ങൾ നൽകുന്നില്ല. പക്ഷേ ചില അംഗ രാജ്യങ്ങൾ നൽകുന്നുണ്ട്. യുക്രെയിനെ പിന്തുണച്ച് സൈനിക നടപടിക്ക് നാറ്റോ തയ്യാറാകില്ല. അതേസമയം, അംഗ രാജ്യങ്ങൾ യുക്രൈനെ സഹായിക്കും. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ യുക്രെയിൻ ജനതയ്ക്കൊപ്പമാണ് നാറ്റോ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയിനുമായി അതിർത്തി പങ്കിടുന്ന എസ്തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങൾ അടിയന്തര യോഗം ചേർന്നിട്ടുണ്ട്.
റഷ്യൻ കടന്നു കയറ്റം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഒരുമിച്ചു നിൽക്കുക എന്നതാണെന്ന് എസ്തോണിയൻ പ്രധാനമന്ത്രി കാജാ കല്ലാസ് ട്വിറ്ററിലൂടെ പറഞ്ഞു. റഷ്യയുടെ കടന്നു കയറ്റം നാറ്റോ സഖ്യരാജ്യങ്ങൾക്കും ലോകത്തിന് തന്നയും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ബോംബ് ഷെൽട്ടറുകളിൽ അഭയം തേടണമെന്ന് ഇന്ത്യാക്കാരോട് ഏംബസി
ഗൂഗിൾ മാപ്പ് നോക്കി ബോംബ് ഷെൽട്ടറുകളിൽ അഭയം തേടണമെന്ന് യുക്രെയ്‌നിലെ ഇന്ത്യക്കാരോട് എംബസി. യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പ് നൽകിയത്. വൈകുന്നേരം അഞ്ചിനാണ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതോടെ ഇന്ന് യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽനിന്ന് മൂന്ന് മുന്നറിയിപ്പ് സന്ദേശങ്ങളാണ് ഉണ്ടായത്. ചിലസ്ഥലങ്ങളിൽ ബോംബ് ആക്രമണത്തിന്റെ മുന്നറിയിപ്പുകൾ കേൾക്കുന്നുണ്ടെന്ന് അറിയാം. ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാൽ ഭൂഗർഭ മെട്രോകളിൽ സ്ഥിതിചെയ്യുന്ന ബോംബ് ഷെൽട്ടറുകൾ ഗൂഗിൾ മാപ്പ് നോക്കി കണ്ടെത്തി സുരക്ഷിതരാകുക- എംബസി അറിയിച്ചു.
യുക്രെയ്‌നിൽ ഏകദേശം 18,000 ഇന്ത്യക്കാരുണ്ട്, അവരിൽ പലരും വിദ്യാർത്ഥികളാണ്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രാവിലെ 7:30 ന് അയച്ച എയർ ഇന്ത്യ വിമാനം യുക്രെയ്ൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് മടങ്ങേണ്ടി വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ