കോട്ടയം : യുദ്ധഭൂമിയായ യുക്രെയ്‌നിൽ നിന്നു വിദ്യാർത്ഥികൾ അടക്കമുള്ള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം.

യുദ്ധക്കെടുതിയും നിയന്ത്രണങ്ങളും രൂക്ഷമാകുന്നതിനു മുമ്പ് അടിയന്തരമായി ഇവരെ നാട്ടിലെത്തിക്കണം. യുക്രെയ്‌നിലെ ഇന്ത്യാക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. 2300 ഓളം മലയാളി വിദ്യാർത്ഥികൾ തന്നെ യുക്രെയ്‌നിലുണ്ട്. യുക്രെയ്‌നിൽ നിന്നും നാട്ടിലേക്ക് കൂടുതൽ വിമാനങ്ങൾ ക്രമീകരിക്കണം. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് അധികവും. തുടർപഠനവും ഭാവിയും സംബന്ധിച്ചുള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടിയും എടുക്കേണ്ടതുണ്ട്. യുക്രെയ്‌നിലെ സ്ഥിതി രൂക്ഷമാകുന്ന അന്തരീഷത്തിൽ വ്യക്തമായ ആക്ഷൻ പ്ലാനു രൂപം നൽകുകയും നടപ്പാക്കുകയും വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.