- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാറ്റിങ് വെടിക്കെട്ടിൽ റൺമല തീർത്ത മുൻനിര; പിന്നാലെ ലങ്കയെ എറിഞ്ഞൊതുക്കി; ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 62 റൺസിന്റെ തകർപ്പൻ ജയം; മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ

ലഖ്‌നൗ: ബാറ്റിങ് വെടിക്കെട്ടിൽ മുൻനിര റൺമല തീർത്ത ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 62 റൺസിന് തകർത്ത് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
ചരിത് അസലങ്കയ്ക്ക് മാത്രമാണ് ശ്രീലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. അർധ സെഞ്ചുറി നേടിയ താരം 47 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 53 റൺസോടെ പുറത്താകാതെ നിന്നു.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്ക് ആദ്യ പന്തിൽ തന്നെ അടിതെറ്റി. ഭുവനേശ്വർ കുമാർ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പാതും നിസങ്കയെ ലങ്കക്ക് നഷ്ടമായി. ഭുവിയുടെ പന്ത് പ്രതിരോധിച്ച നിസങ്കക്ക്, പന്ത് ഉരുണ്ട് വിക്കറ്റിൽ കൊള്ളുന്നത് തടയാനായില്ല. ആദ്യ പന്തിലേറ്റ പ്രഹരത്തിൽ തിന്ന് ലങ്ക പിന്നീട് കരകയറിയില്ല. ഭുവിയുടെ പന്തിൽ കാമിൽ മിഷാര നൽകിയ അനായാസ ക്യാച്ച് വെങ്കിടേഷ് അയ്യർ അവിശ്വസനീയമായി നിലത്തിട്ടെങ്കിലും ഒറു പന്തിന് ശേഷം മിഷാരയെ(13) ഭുവി തന്നെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു.
ഭുവി ലങ്കയുടെ തലയറുത്തപ്പോൾ നടുവൊടിച്ചത് വെങ്കടേഷ് അയ്യരും യുസ്വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും ചേർന്നായിരുന്നു.റൺസ് കണ്ടെത്താൻ പാടുപെട്ട ജനിത് ലിയാനഗെയെ(17 പന്തിൽ11) വെങ്കടേഷ് അയ്യർ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചപ്പോൾ ദിനേശ് ചണ്ഡിമലിനെ(10) ജഡേജയുടെ പന്തിൽ ഇഷാൻ കിഷൻ സ്റ്റംപ് ചെയ്ത് പുറത്താക്കി. ലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷനകയെ(3) ചാഹൽ ഭുവനേശ്വർ കുമാറിന്റെ കൈകളിലെത്തിച്ചപ്പോൾ ചാമിക കരുണരത്‌നെയെ(21) വെങ്കടേഷ് അയ്യർ പുറത്താക്കി. 60-5ലേക്ക് കൂപ്പുകുത്തിയ ലങ്കയെ കരുണരത്‌നെയും അസലങ്കയും ചേർന്നാണ് 100ന് അടുത്തെത്തിച്ചത്.
വിക്കറ്റുകൾ തുടർച്ചയായി നഷ്ടമാകുമ്പോഴും ഒരറ്റത്ത് തളരാതെ പൊരുതിയ ചരിത് അസലങ്കയാണ് ലങ്കയുടെ തോൽവിഭാരം കുറച്ചത്. 43 പന്തിൽ അർധസെഞ്ചുറി തികച്ച അസലങ്ക(53*) ചമീരയെ(24*) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് ലങ്കക്ക് മാന്യമായ തോൽവി സമ്മാനിച്ചത്. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ രണ്ടോവറിൽ ഒമ്പത് റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ വെങ്കടേഷ് എയ്യർ മൂന്നോവറില്ഡ 36 റൺസിന് രണ്ട് വിക്കറ്റെടുത്തു. ചാഹലും ജഡേജയും ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, രോഹിത് ശർമ എന്നിവരുടെ മികവിൽ ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. 56 പന്തിൽ നിന്ന് മൂന്ന് സിക്സും 10 ഫോറുമടക്കം 89 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.
അവസാന ഓവറുകളിൽ തകർത്തടിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 28 പന്തുകൾ നേരിട്ട അയ്യർ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 57 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്ത ക്യാപ്റ്റൻ രോഹിത് ശർമ - ഇഷാൻ കിഷൻ സഖ്യം ടീമിന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 111 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തത്. 32 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 44 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ലഹിരു കുമാരയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം 44 റൺസ് ചേർത്ത ശേഷമാണ് കിഷൻ പുറത്തായത്. തുടർന്നായിരുന്നു ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ഇന്നിങ്സ്.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വെസ്റ്റിൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്ന് ആറു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്.


