- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ജില്ലയിൽ നിന്നും ഉക്രൈനിൽ കുടുങ്ങിയത് ഇരുപതിലധികം പേർ; ഭക്ഷണവും വെള്ളവും കിട്ടാനില്ലെന്ന് വിദ്യാർത്ഥികൾ
കോട്ടയം: കോട്ടയം ജില്ലയിൽ നിന്നു മാത്രം ഉക്രൈനിൽ കുടുങ്ങിയത് ഇരുപതിലധികം പേർ. പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി എത്തിയവരാണ് ഇവരെല്ലാവരും. യുദ്ധം പ്രഖ്യാപിച്ച് റഷ്യൻ സേന ബോംബ് വർഷിച്ചു തുടങ്ങിയതോടെ കോട്ടയത്തുള്ള ഇവരുടെ കുടുംബങ്ങളുടെ നെഞ്ചിലും തീയാണ്. തങ്ങളുടെ മക്കളെ കാത്തോളണേ എന്ന നിരന്തരം പ്രാർത്ഥനയിലാണ് ഇവർ.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഭക്ഷണവും വെള്ളവും കിട്ടാനില്ലെന്നും എടിഎമ്മുകളിൽ പണമില്ലെന്നും മലയാളി വിദ്യാർത്ഥികളിൽ പലരും വീട്ടിലേക്കു വിളിച്ചറിയിക്കുന്നു. എങ്ങനേയും നാട്ടിലെത്തണമെന്ന ആഗ്രഹമാണ് ഇവരെല്ലാവരും പങ്കുവയ്ക്കുന്നത്. 'ബോംബ് സ്‌ഫോടനത്തിന്റെ വലിയ ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. നാട്ടിൽ പോകാൻ ഒരാഴ്ച മുൻപ് അനുവാദം ചോദിച്ചതാണ്. പക്ഷേ, ലഭിച്ചില്ല. എല്ലാവരും ഹോസ്റ്റലിൽ കഴിയണമെന്നാണ് നിർദ്ദേശം' തെക്കൻ യുക്രെയ്‌നിലെ മൈകോലേവിൽ മെഡിസിനു പഠിക്കുന്ന കടുത്തുരുത്തി സ്വദേശിനി പ്രതിഭ പറഞ്ഞു. കുളത്തിങ്കൽ രാജന്റെ മകളാണ് പ്രതിഭ.
തെങ്ങണ സ്വദേശിയും യുക്രെയ്‌നിൽ എംബിബിഎസ് വിദ്യാർത്ഥിയുമായ അബീസ് കെ.അഷറഫും ബന്ധു അതിരമ്പുഴ സ്വദേശി അഹമ്മദ് സക്കീർ ഹുസൈനും ഉൾപ്പെടെയുള്ള 8 മലയാളികൾ നാട്ടിലേക്കു തിരിക്കാനായി വിമാനത്താവളത്തിലേക്കു പുറപ്പെട്ടതാണ്. വിമാനത്താവളങ്ങൾ അടച്ചതോടെ യാത്ര മുടങ്ങി. ഇന്നലെ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ എത്തി അവിടെ നിന്നു നാട്ടിലേക്കു വരാനായിരുന്നു പരിപാടി. സുമി സ്റ്റേറ്റ് സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് ഇവർ.
എല്ലാ ഇന്ത്യക്കാരെയും നയതന്ത്ര പരിരക്ഷയോടെ പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ഇമെയിൽ അയച്ചു. വിദ്യാർത്ഥികൾ അടക്കമുള്ള മലയാളികളെ വേഗം നാട്ടിലെത്തിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മലയാളികളെ തിരികെയെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്കും സഹമന്ത്രിക്കും കത്തു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.