വയനാട്: മന്ദംകൊല്ലിയിൽ വനംവകുപ്പ് രക്ഷപ്പെടുത്തിയ കടുവക്കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കടുവ എത്തുന്നതായി നാട്ടുകാർ. കടുവക്കുഞ്ഞ് വീണ കിണറിന് അരികിലേക്ക് രാത്രി കടുവ എത്തുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. പ്രദേശത്ത് നിന്നും കടുവയുടെ മുരൾച്ചയും കരച്ചിലും കേൾക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ കർഷക സംഘടന ജനവാസ കേന്ദ്രത്തിൽ സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതോടെയാണ് നാട്ടുകാർ ആശങ്കയുയർത്തിയത്.

ചെതലയം വനത്തിനും ബീനാച്ചി എസ്റ്റേറ്റിനും ഇടയിലുള്ള ഭാഗമാണ് ജനവാസ കേന്ദ്രമായ മന്ദംകൊല്ലി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊട്ടകിണറ്റിൽ വീണ കടുവക്കുഞ്ഞിനെ വനംവകുപ്പ് രക്ഷപ്പെടുത്തിയത്. മയക്കുവെടി വച്ചാണ് കടുവകുട്ടിയെ മുകളിലേക്ക് കയറ്റിയത്. പിന്നീട് കാട്ടിൽ തുറന്നുവിടുകയായിരുന്നു.

എന്നാൽ കടുവക്കുഞ്ഞിനെ തുറന്നുവിട്ട സ്ഥലം വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ട്. പ്രദേശത്ത് ഒന്നിൽ കൂടുതൽ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയും പകലും വനംവകുപ്പ് ഉദ്യോഗസ്ഥർ കാവലിരിക്കുന്നുണ്ട്. കടുവയുടെ സാന്നിധ്യമറിയാനായി മന്ദംകൊല്ലിയിലും പരിസരപ്രദേശങ്ങളിലും 18 ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്.

ഒന്നിൽ കൂടുതൽ കൂടുകൾ സ്ഥാപിച്ച് കടുവകളെ പിടികൂടിയാൽ മാത്രമേ നാട്ടുകാരുടെ ആശങ്ക ഒഴിയൂ. കടുവക്കുട്ടിയുടെ കാര്യത്തിൽ നാട്ടുകാരോട് വനം വകുപ്പ് സുതാര്യ സമീപനമല്ല സ്വീകരിച്ചതെന്ന ആക്ഷേപം ശക്തമാണ്. പ്രശ്‌നം രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.