ദോഹ: ഇന്ത്യ ഉൾപ്പെടെയുള്ള ഒൻപത് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് പി.സി.ആർ പരിശോധന നടത്തേണ്ടതില്ല. കൂടാതെ പൂർണമായി വാക്‌സിനെടുത്തവരെയും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലും രാജ്യത്തെ വാക്‌സിനേഷൻ കാമ്പയിനുകൾവിജയം കണ്ട സാഹചര്യത്തിലുമാണ് ഖത്തറിലേക്ക് വരുന്നവർക്കുള്ള നിബന്ധനകൾ ലഘൂകരിച്ചത് ഫെബ്രുവരി 28ന് ഖത്തർ സമയം വൈകുന്നേരം ഏഴ് മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും.

യാത്രക്കാർ ഖത്തറിലെത്തി 24 മണിക്കൂറിനിടെ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തിയാൽ മതി. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർദാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

വാക്‌സിനെടുത്തിട്ടില്ലാത്തവരും കോവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടിയിട്ടില്ലാത്തവരുമായ യാത്രക്കാർ അഞ്ച് ദിവസം ഹോട്ടൽ ക്വാറന്റീൻ പൂർത്തീകരിക്കണം. ഖത്തറിലെത്തി 24 മണിക്കൂറിനകം കോവിഡ് പി.സി.ആർ പരിശോധന നടത്തണം. ഹോട്ടൽ ക്വാറന്റീനിന്റെ അഞ്ചാം ദിവസം റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്കും വിധേയമാവണം. വാക്‌സിനെടുത്തിട്ടില്ലാത്തവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ ഫലം ഹാജരാക്കുകയും വേണം.

ആസ്ട്രസെനിക വാക്‌സിനെടുത്തവർക്ക് രണ്ടാം ഡോസോ അല്ലെങ്കിൽ ബൂസ്റ്റർ ഡോസോ സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ഒൻപത് മാസം വരെയാണ് വാക്‌സിനെടുത്തതിന്റെ ആനുകൂല്യം ലഭ്യമാവുക. ഒരു തവണ കോവിഡ് ബാധിച്ചവർക്കും ഒൻപത് മാസത്തേക്ക് ഇളവുകൾ ലഭിക്കും. ഇതിനായി വെരിഫൈ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ലബോറട്ടറി പരിശോധനാ ഫലം ഹാജരാക്കണം.