ബെടൗൺ (ഹൂസ്റ്റൺ) : നാല് പിറ്റ്ബുൾ നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് നാല് വയസുകാരന് ദാരുണാന്ത്യം . കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച വീട്ടിലെ മറ്റൊരംഗത്തിനും നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു.

ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ ഹൂസ്റ്റണിലെ ബെടൗണിലെ ഒരു വീട്ടിലായിരുന്നു ഈ ദാരുണസംഭവം നടന്നത്

രാവിലെ 7.40 നാണ് ഇത് സംബന്ധിച്ചു പൊലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് കണ്ടത് നായ്ക്കളുടെ ആക്രമണത്തിൽ മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ നഷ്ടപ്പെടുകയും ശരീരം മുഴുവൻ കടിച്ചു കീറി മുറിച്ച കുട്ടിയുടെ ശരീരമായിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല .

വീട്ടിലുണ്ടായിരുന്ന നായ്ക്കൾ പിറ്റ്ബുൾ വിഭാഗത്തിൽ പെട്ടവയായിരുന്നെന്നും ഇവ ശാന്തരായിരുന്നു എന്നുമാണ് അടുത്തുള്ള താമസക്കാർ പറയുന്നത്. ഈ നായ്ക്കൾ പുതുതായി വീട്ടിൽ എത്തിയത് അല്ലായിരുന്നു എന്നും ഇവർ പറഞ്ഞു .

കുട്ടികളെ ആക്രമിക്കാൻ കാരണം എന്താണെന്ന് അറിയില്ലെന്നും, കുട്ടി നായ്ക്കളെ പ്രകോപിപ്പിച്ചതായിരിക്കാം ആക്രമണത്തിന് കാരണമായതെന്നും അയൽവാസി റോഡ്ഡ്രിക്‌സ് പറഞ്ഞു .

നാല് നായ്ക്കളെയും ആനിമൽ കൺട്രോൾ വിഭാഗം ഷെൽട്ടറിൽ അടച്ചു. കുട്ടിയുടെ അന്ത്യം ഹൃദയഭേദകമായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ബെടൗൺ പൊലീസ് ചീഫ് ജോൺ സ്ട്രിംഗർ പറഞ്ഞു . സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു .