യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലെത്തുന്നവർക്ക് മാർഗ നിർദ്ദേശം പ്രഖ്യാപിച്ച് അധികൃതർ.ഖത്തറിന്റെ പുതുക്കിയ യാത്രാ നയം ഫെബ്രുവരി 28 രാത്രി ഏഴ് മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് നടപടി.ഇന്ത്യക്കാർ ഉൾപ്പെടെ വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റീനിൽനിന്നും ഇളവുകളും നൽകിയിട്ടുണ്ട്. ഇതു കാരണം വരും ആഴ്ചകളിൽ രാജ്യത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരിൽ കാര്യമായ വർധനയുണ്ടാവുമെന്നാണ് പ്രതീക്ഷ.

അതുകൊണ്ട് തന്നെ യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പായി യാത്രക്കാർ എത്തിയിരിക്കണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്നവർ യാത്ര ചെയ്യരുതെന്നും അറിയിച്ചു. പനി, ചുമ, ശ്വാസതടസ്സം, മണമോ രുചിയോ നഷ്ടപ്പെടൽ എന്നീ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉള്ളവർ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് നിർദ്ദേശം.

യാത്രക്കാർക്ക് മാത്രമേ ടെർമിനലിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങളും സൈനേജിലൂടെയും സ്‌ക്രീനിലൂടെയും പ്രദർശിപ്പിച്ചിരിക്കുന്ന ഉപദേശങ്ങളും പാലിക്കണം.