അൽഹസ്സ: നവയുഗം സാംസ്‌കാരികവേദി അൽഹസ്സ മേഖല ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ, ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം സൗദിഅറേബ്യയുടെ മണ്ണിൽ സംസ്‌കരിച്ചു.

ഗുജറാത്തിലെ ബൊർസത് ആനന്ദ് സ്വദേശിയായ ഫിറോസ് ഖാൻ ഹബീബ്ഖാൻ പത്താന്റെ ഭൗതികശരീരമാണ്, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന് അൽഹസ്സ സലയ്യ ഖബർസ്ഥാനിൽ അടക്കം ചെയ്തത്.

രണ്ടു വർഷങ്ങൾക്കു മുൻപ് സൗദിയിൽ ജിദ്ദയിൽ ട്രെയിലർ ഡ്രൈവർ ആയി ജോലിക്ക് എത്തിയതായിരുന്നു ഹബീബ് ഖാൻ. രണ്ടാഴ്ചയ്ക്ക് മുൻപ് ജോലിസംബന്ധമായ യാത്രയ്ക്കിടയിൽ അൽഹസ്സ അയുണിനടുത്ത് ഒക്കേറിൽ വെച്ച് ഹൃദയാഘാതം വരികയും, അദ്ദേഹത്തെ വണ്ടിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയാണ് ഉണ്ടായത്.

സൗദിയിൽ തന്നെ ജോലി ചെയ്യുന്ന ഹബീബിന്റെ സഹോദരങ്ങൾ നവയുഗവുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന്റെ മൃതദേഹം സൗദിയിൽ തന്നെ അടക്കം ചെയ്യാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു. തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകനായ സിയാദ് പള്ളിമുക്ക്, സാമൂഹ്യപ്രവർത്തകനായ മണി മാർത്താണ്ഡത്തിന്റെ സഹായത്തോടെ ഇതിലേക്കാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി.

വെള്ളിയാഴ്ച സലയ്യ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. ഹബീബിന്റെ ബന്ധുക്കളും, നവയുഗം ജീവകാരുണ്യ പ്രവർത്തകരും സംസ്‌ക്കാരചടങ്ങിൽ പങ്കെടുക്കാൻ കബർസ്ഥാനിൽ എത്തിയിരുന്നു.ഹബീബിന് ഭാര്യയും 6 മക്കളും ഉണ്ട്.