കീവ്: ഈ യുദ്ധം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നാണ് കൊച്ചുകുട്ടികൾ പോലും യുക്രെയിനിൽ പറയുന്നത്. ബോംബുകളും, മിസൈലുകളും, ഷെല്ലുകളും എല്ലാം പതിച്ച് ജനങ്ങൾ വശം കെട്ടിരിക്കുന്നു. തലസ്ഥാനമായ കീവ് പിടിച്ചടക്കാൻ പൊരിഞ്ഞ യുദ്ധം നടക്കുന്നു. ഈ കുഴപ്പങ്ങൾക്കെല്ലാം ഇടയിൽ ഒരു സന്തോഷ വാർത്തയും എത്തി. കീവിലെ ഭൂഗർഭ മെട്രോ സ്റ്റേഷനിൽ അഭയം തേടിയ 23 വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകിയെന്നതാണ് സന്തോഷകരമായ വാർത്ത. ടെലിഗ്രാം വഴിയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. പട്ടിൽ പൊതിഞ്ഞ കുഞ്ഞിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

മറ്റുള്ളവരെക്കാൾ ഭയചകിതയായിരുന്നു ഷെൽട്ടറിൽ കഴിയുമ്പോൾ ഈ 23 കാരി. പുറത്ത് വെടിവെപ്പ് നടക്കുമ്പോഴും, എങ്ങനെയെങ്കിലും കുട്ടിയെ ഒന്നു രക്ഷപ്പെടുത്തി എടുക്കുന്നതിന്റെ സമ്മർദ്ദം. ആശുപത്രിയിൽ പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യം. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു കുഞ്ഞിന്റെ പിറവി. അമ്മയുടെ നിലവിളി കേട്ട് യുക്രെയിൻ പൊലീസുകാർ സഹായത്തിനായി ഓടിയെത്തി. വനിതാ ഉദ്യോഗസ്ഥർ പ്രസവം എടുക്കാൻ യുവതിയെ സഹായിച്ചു. പിന്നീട് ആംബുലൻസ് വിളിച്ച് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കി. ഇരുവരും സുഖമായിരിക്കുന്നു. മിയ എന്നാണ് കുഞ്ഞിന്റെ പേര്.

ഈ കെട്ട കാലത്ത് പ്രതീക്ഷയുടെ പിറവി എന്നായിരുന്നു ഒരു യുക്രെയിൻ വനിത ഈ സംഭവത്തെ വിശേഷിപ്പിച്ചത്. വിശേഷം ലോകത്തെ അറിയിച്ചത് ഡെമോക്രസി ഇൻ ആക്ഷൻ കോൺഫറൻസിന്റെ ചെയർവുണൺ ഹന്നാ ഹോപ്‌കോയാണ്. ചുറ്റും ബോംബിങ് നടക്കുമ്പോൾ പ്രസവം ഒരുവെല്ലുവിളിയായിരുന്നു. എന്തായാലും അമ്മ സന്തോഷവതിയാണ്.

കൊച്ചുമിയ മാത്രമല്ല, കഴിഞ്ഞ ദിവസം പിറന്നത്. ഒരു ആൺകുട്ടിയും കഴിഞ്ഞ ദിവസം രാത്രി ജനിച്ചിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്.