- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശമലയാളികളിൽ നിന്നടക്കം ഓഹരി പിരിച്ച് വൻ തട്ടിപ്പ്; തനിമ അഗ്രോ ഡെലവൽപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അറസ്റ്റിൽ
തൊടുപുഴ: തനിമ അഗ്രോ ഡെലവൽപ്പ്മെന്റ് സൊസൈറ്റിയുടെ പേരിൽ വിദേശമലയാളികളിൽ നിന്നടക്കം ഓഹരി പിരിച്ച് വൻ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയായ പ്രസിഡന്റ് അറസ്റ്റിൽ. കരിമണ്ണൂർ മണ്ണാറത്തറ കുറുമ്പയിൽ ജയൻ പ്രഭാരനെ(48) യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് 196 പേരിൽ നിന്നായി 1.2 കോടിയിലധികം രൂപ ഓഹരിയായി വാങ്ങിയ ശേഷം തട്ടിപ്പ് നടത്തുകയായിരുന്നു.ഇതിൽ 36 പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ എസ്എച്ച്ഒ വി സി. വിഷ്ണുകുമാർ പ്രതിയെ പിടികൂടിയത്.
സംഭവത്തിൽ ഇയാളുടെ കൂട്ടാളികളായ മറ്റ് ഭാരവാഹികളേയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഒരാളുടെ കൈയിൽ നിന്ന് 25000 രൂപ മുതൽ ലക്ഷങ്ങൾ വരെ ഇയാൾ ഓഹരി ആയി വാങ്ങി. ആകർഷകമായ തരത്തിൽ പ്രമുഖ മാധ്യമങ്ങളിലടക്കം പരസ്യം നൽകിയായിരുന്നു തട്ടിപ്പിന് വേണ്ട കളമൊരുക്കിയത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്.
കഴിഞ്ഞ വർഷം ഏപ്രിൽ 9ന് ആണ് വെങ്ങല്ലൂർ ഷാപ്പുംപടിയിൽ തനിമ 60ഃ 40 കസ്റ്റമേഴ്സ് ഫ്രണ്ട്ലി ഓപ്പൺ എന്ന പേരിൽ സൂപ്പർമാർക്കറ്റ് ആരംഭിച്ചത്. ഇതിലെ ജീവനക്കാരെ തെരഞ്ഞെടുത്തതും ഇത്തരത്തിൽ ഷെയർ എടുപ്പിച്ച ശേഷമായിരുന്നു. ഇവർക്കും വലിയൊരു തുക ശമ്പളമായി നൽകാനുണ്ട്. ടൗണിൽ നിന്ന് ഉള്ളിലേക്ക് കയറി നിർമ്മിച്ച ഏതാണ്ട് പൂർണ്ണമായും ഷീറ്റ് മേഞ്ഞ കെട്ടിടത്തിന് 80 ലക്ഷം മുടക്കായി എന്ന വിവരം പുറത്ത് വന്നതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
കെട്ടിടം നിർമ്മിച്ചത് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു. ഇതിനായി സ്ഥലം നൽകിയ ആളും ഭാരവാഹിയാണ്. ഇയാളുടെ കള്ളയൊപ്പിട്ടാണ് വാടക ചീട്ട് നേടി പ്രവർത്തനം ആരംഭിച്ചതെന്നാണ് ആദ്യമുയർന്ന ആരോപണം.ഇതോടെ ഷെയർ എടുത്തവരും പ്രസിഡന്റുമായുള്ള പ്രശ്നങ്ങൾ തുടങ്ങി. ആറ് മാസത്തിനുള്ളിൽ കെട്ടിടത്തിന്റെ വാടക കരാറടക്കം ഇല്ലാത്തതും കോടതി കേസുമായതോടെ ഷോപ്പ് അടച്ച് പൂട്ടി.
പിന്നീട് ബാലൻസ് തുകയായ 1.5 ലക്ഷം നൽകാതെ വന്നതോടെ മുറ്റത്ത് ടൈൽ വിരിച്ചയാൾ ഇതെല്ലാം തിരികെയെടുത്തുകൊണ്ട് പോയി. ദിവസവും ലാഭവിഹിതം അക്കൗണ്ടിലെത്തുമെന്നായിരുന്നു വാഗ്ദാനം നൽകിയിരുന്നത്. ആദ്യ രണ്ട് മാസം പിന്നിട്ടിട്ടും ഇത് ലഭിക്കാതെ വന്നതോടെ പ്രശ്നമായി പിന്നീട് ചെറിയ തോതിൽ രണ്ടാഴ്ചക്കാലം പണമെത്തി. എന്നാൽ പിന്നീട് ഇതും നിലച്ചു. 50,000 രൂപയുടെ ഷെയർ എടുത്തയാൾക്ക് ഇത്തരത്തിലാകെ ലഭിച്ചത് 200 രൂപയിൽ താഴെ മാത്രമാണ്. 2016ൽ കോതമംഗലത്ത് നിന്ന് ചിട്ടി തട്ടിപ്പ് കേസിലും ജയൻ അറസ്റ്റിലായിരുന്നു. സമാനമായി ഇയാൾ മറ്റ് സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.