മോസ്‌കോ: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയുമായുള്ള ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടത്തിൽ നിന്ന് പിന്മാറി പോളണ്ട്. മാർച്ചിൽ നടക്കേണ്ട യോഗ്യതാ പോരാട്ടത്തിൽ നിന്നാണ് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി നയിക്കുന്ന പോളണ്ട് പിന്മാറിയത്. കായിക ലോകത്തെ പ്രതിഷേധം കനക്കുകയാണ്. പോളണ്ടിന് പിന്നാലെ റഷ്യക്കെതിരെ മത്സരിക്കാൻ സ്വീഡൻ ഫുട്ബോൾ ടീമും വിസമ്മതിച്ചു. സ്വീഡൻ ഫുട്‌ബോൾ ഫെഡറേഷന്റേതാണ് തീരുമാനം.

'വെറും വാക്കുകൾ പറയാനില്ല, ഇപ്പോൾ പ്രവർത്തിക്കാനുള്ള സമയമാണ്. യുക്രൈനെതിരായ റഷ്യൻ ഫെഡറേഷന്റെ ആക്രമണം രൂക്ഷമായതിനാൽ, പോളിഷ് ദേശീയ ടീം റഷ്യക്കെതിരായ പ്ലേ ഓഫ് മത്സരം കളിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇതാണ് ശരിയായ തീരുമാനം' പോളിഷ് എഫ്എ തലവൻ സെസരി കുലേസ പറഞ്ഞു.

'ഇക്കാര്യം സംബന്ധിച്ച് ഫിഫയിൽ ഒരു പൊതു നിലപാട് കൊണ്ടുവരാൻ ഞങ്ങൾ സ്വീഡനിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ഫെഡറേഷനുകളുമായി ചർച്ച നടത്തുകയാണ്' കുലേസ കൂട്ടിച്ചേർത്തു.

റഷ്യ വേദിയാവേണ്ടിയിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ, ഫോർമുല വണ്ണിലെ റഷ്യൻ ഗ്രാൻപ്രിക്‌സ് എന്നിവ റദ്ദാക്കിയതിന് പിന്നാലെയാണ് പോളണ്ടിന്റെ പിന്മാറ്റം. പോളണ്ട് ഫുട്‌ബോൾ അസോസിയേഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലെവൻഡോവ്‌സ്‌കി നിലവിലെ സാഹചര്യത്തിൽ റഷ്യയുമായി മത്സരിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാകുന്നില്ലെന്നും വ്യക്തമാക്കി.

അസോസിയേഷനെടുത്തത് ശരിയായ തീരുമാനമാണ്. യുക്രൈനെതിരെ സായുധ ആക്രമണം നടത്തുന്ന റഷ്യയുമായി ഫുട്‌ബോൾ കളിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. റഷ്യൻ ഫുട്‌ഫോൾ താരങ്ങളും ആരാധകരും ഇതിന് ഉത്തരവാദികളല്ലെന്നറിയാം, പക്ഷെ സംഭവിക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ നമുക്കാവില്ലല്ലോ-ലെവൻഡ്വ്‌സ്‌കി ട്വിറ്ററിൽ കുറിച്ചു.

മാർച്ച് 24നായിരുന്നു ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് സെമി പോരാട്ടത്തിൽ പോളണ്ട് റഷ്യയെ നേരിടേണ്ടിയിരുന്നത്. ഇതിൽ ജയിക്കുന്ന ടീം സ്വീഡൻ-ചെക്ക് റിപ്ലബ്ലിക് മത്സരത്തിലെ വിജയിയകളുമായി ഫൈനലിൽ ഏറ്റുമുട്ടണം. ഇതിലും ജയിക്കുന്നവർക്കായിരുന്നു ലോകകപ്പ് യോഗ്യത നേടാനാവുക.

റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്നാണ് സ്വീഡൻ വ്യക്തമാക്കിയത്. റഷ്യക്കെതിരെ ലോകത്തെ ഒരു വേദിയിലും കളിക്കാൻ താത്പര്യമില്ലെന്നും സ്വീഡൻ വ്യക്തമാക്കി.

മാർച്ച് 24ലെ പോളണ്ട് റഷ്യ പോരാട്ടത്തിൽ റഷ്യ വിജയിച്ചാൽ മാർച്ച് 29ന് ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ ടീമുകളിലൊന്നുമായി റഷ്യക്ക് മത്സരിക്കേണ്ടി വരും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സ്വീഡൻ, ചെക്ക് റിപ്പബ്ലിക്ക് ഫുട്ബോൾ അസോസിയേഷനുമായി പോളണ്ട് ഫുട്ബോൾ അധികൃതകൾ ചർച്ച നടത്തിയിരുന്നു. മോസ്‌ക്കോയിലെ മത്സരം മാറ്റണമെന്ന് സ്വീഡൻ, ചെക്ക് റിപ്പബ്ലിക്ക് ടീമുകൾ ഫിഫയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

റഷ്യയുടെ യുക്രൈൻ ആക്രമണത്തിനെതിരെ കളിക്കളത്തിലും വ്യാപക പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് റഷ്യൻ സ്‌പോൺസറുടെ ലോഗോ എടുത്തു മാറ്റിയതിന് പിന്നാലെ ജർമൻ രണ്ടാം ഡിവിഷൻ ലീഗ് ടീമായ ഷാൽക്കെയും റഷ്യൻ സ്‌പോൺസറുടെ ലോഗോ എടുത്തു മാറ്റിയിരുന്നു.

ഇതിന് പുറമെ റഷ്യയുടെ നടപടിക്കെതിരെ യുക്രൈൻ പതാക വീശി പ്രതിഷേധിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകൾക്കും കളിക്കാർക്കും പരിശീലകർക്കും അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഈ വർഷം ജൂണിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് വനിതാ ഫുട്‌ബോളിൽ നിന്ന് റഷ്യയെ പുറത്താക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.