- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവൻ കാക്കാനുള്ള ഓട്ടത്തിനിടയിൽ ചവിട്ടേറ്റ് വീണ് ജനങ്ങൾ; പോളണ്ട് അതിർത്തിയിൽ ദാരുണമായ സംഭവങ്ങൾ; അഭയാർത്ഥികളായി 40 ലക്ഷത്തോളം യുക്രെയിനികൾ; യോഗോസ്ലോവ്യൻ പ്രതിസന്ധിക്ക് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ പലയാനം
ഒരുപക്ഷെ സമീപകാലത്ത് യൂറോപ്പ് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കൂട്ടപ്പലായനമാണ് യുക്രെയിനിൽ ഇപ്പോൾ കാണുന്നത്. യുദ്ധഭൂമിയിൽ നിന്നും ജീവനും കൈയിൽ പിടിച്ച് കാതങ്ങൾ താണ്ടുന്നതിനിടയിൽ പലരും ബോധംകെട്ടു വീഴുന്നുമുണ്ട്. ജീവൻ രക്ഷിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ ഒരു സ്ത്രീ മരണമടഞ്ഞതായും ചില റിപ്പോർട്ടുകളുണ്ട്. തന്റെ യുക്രെയിനി പെൺസുഹൃത്തിനൊപ്പം യുദ്ധഭൂമി വിടാനുള്ള തത്രപ്പാടിൽ അതിർത്തിയിൽ കാത്തുനിൽക്കേണ്ടി വന്നത് 25 മണിക്കൂറുകളായിരുന്നു എന്ന് പ്രശസ്ത ബ്ലോഗർ ജെറെമി മെയേഴ്സ് പറയുന്നു.
കാര്യങ്ങളെല്ലാം കുത്തഴിഞ്ഞ അവസ്ഥയാണ് അതിർത്തിയിൽ. നിയന്ത്രിക്കാൻ ആളില്ലാതെ ജനം തിരക്കുകൂട്ടുകയാണ്. മൈനസ് നാലു ഡിഗ്രി വരെയാണ് അവിടത്തെ താപനില. കടുത്ത തണുപ്പും തിക്കി തിരക്കും തീർത്തും അപകടകരമായ ഒരു സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. അതിനിടയിലാണ് തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരണമടഞ്ഞത്.
സ്വന്തം ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ സാമാന്യ മര്യാദപോലും മറക്കുന്നിടത്തെത്തിയിരിക്കുകയാണ് ജനകൂട്ടം. വളരെ കുഞ്ഞു കുട്ടികൾ വരെ ആ കൂട്ടത്തിൽ ഉണ്ടെന്നാണ് ജെറെമി പറയുന്നത്. പരസ്പരം കുറ്റപ്പെടുത്തിയും തിരക്കു കൂട്ടിയും സ്ഥിതിഗതികൾ വഷളാക്കുകയാണ് അവർ. ഇതുവരെ ഒന്നരലക്ഷം യുക്രെയിനികളെങ്കിലും പോളണ്ടിലേക്ക് കടന്നതായാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ പറയുന്നത്. മറ്റ് അയൽ രാജ്യങ്ങളീലേക്കും ആയിരക്കണക്കിന് ആളൂകൾ ഒഴുകുന്നുണ്ട്.
മാനവികത ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് യുക്രെയിനിൽ നേരിടുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കുടുംബത്തിലെ പുർഷന്മാരിൽ നിന്നും വേർപ്പെട്ട് സ്ത്രീകളുമ്മ് കുട്ടികളും അന്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതമാകുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. 1990 കളിലെ യൂഗോസ്ലോവ്യൻ പ്രതിസന്ധിക്ക് ശേഷം യൂറോപ്പ് കാണുന്ന ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹം കൂടിയാണ് ഇപ്പോൾ നടക്കുന്നത്.
അതിനിടയിൽ പ്രതീക്ഷിക്കാത്ത ചെറുത്ത് നിൽപാണ് യുക്രെയിൻ റഷ്യക്ക് നൽകുന്നത്. ഇത് കൂടുതൽ മാരകമായ ആയുധങ്ങൾ പ്രയോഗിക്കുവാൻ റഷ്യയെ പ്രേരിപ്പിക്കും എന്നാണ് ലോക രാജ്യങ്ങൾ ഭയപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധമൊന്നും കണക്കിലെടുക്കാതെയാണ് പുടിൻ മുൻപോട്ട് പോകുന്നത്. എന്നാൽ, ഒരു പത്ത് ദിവസം കൂടി യുദ്ധം നീണ്ടുനിന്നാൽ റഷ്യ സാമ്പത്തികമായി തകരുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ബ്ലോഗർ ജെറെമി, പത്രപ്രവർത്തക കൂടിയായ തന്റെ പെൺസുഹൃത്തിനൊപ്പമാണ് രക്ഷപ്പെട്ട് പോളണ്ടിലെത്തിയത്. യുക്രെയിൻ സ്വദേശിനിയായ സുഹൃത്ത് കടുത്ത പുടിൻ വിമർശക കൂടിയാണ് പുടിനെ വിമർശിച്ചുകൊണ്ട് അടുത്തകാലത്തിറക്കിയ ചില വീഡിയോകൾ വൈറലായതോടെ റഷ്യ, യുക്രെയിൻ കീഴടക്കിയാൽ ഇവരെ അറസ്റ്റ് ചെയ്യുമെന്നത് ഉറപ്പായിരിക്കുകയാണ് ആ സാഹചര്യത്തിലാണ് ജെറെമിയോടൊപ്പം അവർ നാടുവിടുന്നത്.
കാറുകളിൽ അതിർത്തിയിലെത്തുന്നവരെ യുക്രെയിൻ സൈന്യം പത്ത് കിലോമീറ്ററോളം മുൻപേ തടഞ്ഞു നിർത്തി പരിശോധിക്കുന്നുണ്ട്. 60 വയസ്സിൽ താഴെയുള്ളവർ രാജ്യത്തെ പ്രതിരോധിക്കാൻ രാജ്യത്ത് തന്നെ നിൽക്കണം എന്ന ഉത്തരവ് നടപ്പിലാക്കനാണിത്. അതുകൊണ്ടു തന്നെ, അഭയാർത്ഥികളായി പോകുന്നവരിൽ അധികവും സ്ത്രീകളും കുട്ടികളും പ്രായമേറിയവരുമാണ്. കടുത്ത കാലാവസ്ഥയാണ് ഇവരെ വളരെ വിഷമിപ്പിക്കുന്നത്. പിന്നെ ഭക്ഷണ പദാർത്ഥങ്ങളുടെ അഭാവവും.
മറുനാടന് മലയാളി ബ്യൂറോ