പാണിപാളുമെന്ന അവസ്ഥയെത്തിയപ്പോൾ പുടിൻ കൂടുതൽ സന്നാഹങ്ങൾ ഒരുക്കുകയാണ്. വലിയൊരു സൈനിക വ്യുഹം യുക്രെയിൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ ചില ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കീവിന് ഏകദേശം 64 കിലോമീറ്റർ സമീപം വരെ ഈ സൈനിക വ്യുഹം എത്തിച്ചേർന്നതായി ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കൻ സ്വകാര്യ കമ്പനിയായ മാക്സാർ ടെക്നോളജീസ് പുറത്തുവിട്ട ഈ ചിത്രത്തിൽ നൂറുകണക്കിന് സൈനിക വാഹനങ്ങളും മറ്റു സന്നാഹങ്ങളും അടങ്ങിയ ഈ സൈനിക വ്യുഹത്തിന് ഏകദേശം അഞ്ചു കിലോമീറ്ററോളം നീളമുണ്ട്.

കീവിലെ ജനങ്ങൾ തികച്ചും സമാനതകളില്ലാത്ത ചെറുത്തു നിൽപ്പാണ് നേരത്തേ ഇവിടെയെത്തിയ റഷ്യൻ സൈന്യത്തിനു നേരേ കാഴ്‌ച്ചവെച്ചത്. കീവ് കീഴടക്കാനായില്ല എന്നു മാത്രമല്ല, റഷ്യൻ സേനയ്ക്ക് കനത്ത നാശം വരുത്താനും കീവിലെ ജനങ്ങളും യുക്രെയിൻ സൈന്യവും ചേറ്ന്നുള്ള സംയുക്ത ഓപ്പറേഷനു കഴിഞ്ഞു. എന്നാൽ, ഇപ്പോൾ ഒരു വൻപട തന്നെ തങ്ങളെ ലക്ഷ്യമാക്കി എത്തുന്നത് കീവ് ജനതയിൽ കനത്ത ആശങ്ക പടർത്തുന്നുണ്ട്. പുതിയ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിൽ കീവിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പക്ഷെ അധികൃതർ മൗനം മാത്രമാണ് ഉത്തരമായി നൽകുന്നത്.

എന്നാൽ, നഗരത്തേ ഏതാണ്ട് പൂർണ്ണമായി തന്നെ റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അത്തരമൊരു ഒഴിപ്പിക്കൽ പ്രായോഗികമല്ല എന്നതും ഒരു വാസ്തവമണ്.കഴിഞ്ഞ വ്യാഴാഴ്‌ച്ച റഷ്യൻ സൈന്യം യുക്രെയിൻ ആക്രമിച്ചപ്പോൾ, ആദ്യം ഒന്ന് പകച്ചു പോയെങ്കിലും പിന്നെ നഗരവാസികൾ ഒത്തുരുമയോടെ അക്രമികളെ തുരത്തുകയായിരുന്നു. എന്നാൽ, കടകളിലെ സാധനങ്ങൾ ഒന്നൊന്നായി തീർന്ന് കടകൾ അടച്ചു തുടങ്ങുകയും, സബ്വേ സ്റ്റേഷനുകളൊക്കെ ബോംബ് ഷെൽട്ടറുകളായി മാറ്റുകയും ചെയ്ത സാഹചര്യത്തിൽ, ജനം വീണ്ടും ആശങ്കപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഒരു കുട്ടി ഉൾപ്പടെ ഒമ്പത് നഗരനിവാസികൾ കീവിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കീവ് മേയർ സ്ഥിരീകരിച്ചു.

കീവ് നിവാസികൾ തീർച്ചയായും നിരാശരാണ്, എന്നാൽ ഇനിയും അവരിൽ നിസ്സഹായത തോന്നിത്തുടങ്ങിയിട്ടില്ല. ഇന്നലെയും നിരവധി സ്ത്രീകളും പുരുഷന്മാരും തലസ്ഥാന നഗരിയിൽ പലയിടങ്ങളിലും തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ അന്വേഷിച്ചിറങ്ങിയിരുന്നു. എന്നാൽ, ആരുടെയെങ്കിലും പ്രത്യേക നിയന്ത്രണത്തിലല്ലാതെയാണ് ഈ സാധാരണക്കാരന്റെ സൈന്യം പ്രവർത്തിക്കുന്നത് എന്നത് ഏറെ ആശങ്കയുണർത്തുന്നുണ്ട്. ഒരുപക്ഷെ ആയുധമേന്തിയവരിൽ ചിലരെങ്കിലും നിയമം കൈയിലെടുക്കുമോ എന്ന ആശങ്ക ഒരു വശത്തുയരുമ്പോൾ, റഷ്യൻ അനുകൂലികൾ ഇക്കൂട്ടത്തിൽ നുഴഞ്ഞുകയറി വൻ അട്ടിമറികൾ സൃഷ്ടിച്ചേക്കാം എന്നുള്ള ഭയവും അധികൃതർക്കുണ്ട്

മുൻ മിസ്സ് യുക്രെയിൻ അനാസ്റ്റാസിയ ലെന്ന ഉൾപ്പടെയുള്ളവർ ആയുധമേന്തി പോർമുഖത്തെത്തിയപ്പോൾ ഇന്നലെ കീവ് നഗരത്തിന്റെ അതിർത്തിയിൽ ഒരു റഷ്യൻ സൈനിക വ്യുഹത്തെ തന്നെ നശിപ്പിക്കാൻ അവർക്കായി. നിരവധി വാഹനങ്ങളേയും സൈനികരേയും ഈ ആക്രമണത്തിൽ റഷ്യയ്ക്ക് നഷ്ടപ്പെട്ടു. കീവിന്റെ വടക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഗോസ്റ്റോമെൽ എയർ ബേസിനടുത്ത് വച്ചായിരുന്നു റഷ്യൻ സൈന്യത്തിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുക്രെയിൻ സൈനികർ ഡ്രോണും ഉപയോഗിച്ചതായി സംശയിക്കപ്പടുന്നു.

യുദ്ധത്തിൽ പങ്കു ചേർന്ന് ബെലാറസും

റഷ്യയ്ക്കൊപ്പം യുക്രെയിൻ അധിനിവേശത്തിൽ ഉറ്റ സുഹൃത്തായ ബെലാറസും ചേർന്നതായി സൂചനകൾ ലഭിക്കുന്നു. കീവിൽ നിന്നും 93 മൈൽ പടിഞ്ഞാറുള്ള ഷോടോമിർ വിമാനത്താവളത്തെ ആക്രമിച്ച റോക്കറ്റ് ബെലാറസിൽ നിന്നും തൊടുത്തു വിട്ടതാണെന്ന് യുക്രെയിൻ അധികൃതർ സ്ഥിരീകരിച്ചു. മാതമല്ല, കീവ് ആക്രമണത്തിൽ പങ്കെടുക്കാൻ ബെലാറഷ്യൻ സൈന്യം തയ്യാറെടുപ്പുകളോടെ യാത്ര തിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകാത്തതിൽ നിരാശനായ വ്ളാഡിമിർ പുടിന്റെ ഏറ്റവും പുതിയ തന്ത്രമാണ് ബെലാറസിനെ കൂടി യുദ്ധത്തിൽ പങ്കെടുപ്പിക്കുക എന്നത് എന്ന് പാശ്ചാത്യ നിരീക്ഷകർ കരുതുന്നു. യുദ്ധം കൂടുതൽ വ്യാപകമാക്കുവാനുള്ള പുടിന്റെ ശ്രമമാണ് ഇതെന്ന് കരുതുന്നു. ഈ നിരീക്ഷണത്തെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബെലാറസ് പ്രസിഡണ്ട് അലക്സാണ്ടർ ലുകാൻഷെൻകോവ് ഇന്നലെ നടത്തിയ പ്രസ്താവനയും. ഉപരോധം ഇനിയും കടുപ്പിച്ചാൽ ഇത് ഒരു മൂന്നാം ലോകമഹായുദ്ധമായി മാറും എന്നായിരുന്നു ലകാൻഷെൻകോവ് പറഞ്ഞത്.

ഏകാധിപത്യ ഭരണം നടത്തുന്ന ലുകാൻഷെൻകോവ്, തന്നിൽ കൂടുതല അധികാരം കേന്ദ്രീകരിക്കുന്ന രീതിയിൽ നിയമം മാറ്റിയെഴുതുന്നതുമായി ബന്ധപ്പെട്ട ഒരു റഫറൻഡം നടക്കുകയാണ് ബെലാറസിൽ. അതുകൊണ്ടു തന്നെ ജനങ്ങളിൽ വികാരം വളർത്തി വിധി തനിക്കനുകൂലമാക്കുവാൻ ബെലാറസ് യുക്രെയിനെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നാണ് മുൻ ബെലാറസ് പ്രതിരോധ മന്ത്രി ആൻഡ്രി സഗോറോഡിന്യുക്ഗാർഡിയൻ പത്രത്തോട് പറഞ്ഞത്.

അടുത്ത കാലം വരെ യുക്രെയിനും ബെലാറസും അടുത്ത സുഹൃത്തുക്കളായിരുന്നു. മാത്രമല്ല, ചരിത്രപരമായി തന്നെ വളരെ ഊഷ്മളമായ ബന്ധം പുലർത്തുന്നവരാൺ യുക്രെയിനികളും ബെലാറഷ്യന്മാരും. നൂറുകണക്കിന് വർഷങ്ങളുടെ ചരിത്രത്തിലെവിടെയും ഈ രണ്ടു കൂട്ടരും തമ്മിൽ ചെറിയൊരു സംഘർഷം പോലും നടന്നതായി രേഖപ്പെടുത്തിയിട്ടില്ല. അത്തരമൊരു പശ്ചാത്തലത്തിൽ ബെലാറസ് യുദ്ധത്തിനിറങ്ങുന്നു എങ്കിൽ അത് തീർച്ചയായും പുടിന്റെ ആവശ്യത്തിനു വഴങ്ങി ആയിരിക്കണം എന്നുതന്നെയാണ് ഈ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന മുൻ ബെലാറഷ്യൻ പ്രതിരോധ മന്ത്രി പറഞ്ഞു.

റഷ്യ ആണവായുധം പ്രയോഗിക്കുമോ?

യുദ്ധത്തിന്റെ അന്തിമഫലം എന്തുതന്നെയായാലും പുടിൻ എന്ന ഏകാധിപതിയുടെ മുഖമടച്ച അടിക്കുകയാണ് സമാനതകളില്ലാത്ത പ്രതിരോധത്തിലെ യുക്രെയിൻ ജനത. താരതമ്യേന ദുർബലമായ സൈനിക ശേഷിയുള്ള യുക്രെയിനെ ഒന്നോ രണ്ടോ ദിവസം കൊണ്ട് അടിയറവ് പറയിപ്പിക്കാം എന്നായിരുന്നു പുടിൻ പ്രതീക്ഷിച്ചിരുന്നത്. റഷ്യൻ സൈന്യം കീവ് വളഞ്ഞാൽ ഉടൻ തന്നെ സർക്കാർ കീഴടങ്ങുമെന്നും, സെലൻസ്‌കിയുൾപ്പടേയുള്ള നേതാക്കൾ കീഴടങ്ങുകയോ അല്ലെങ്കിൽ വിദേശത്തേക്ക് കടക്കുകയോ ചെയ്യുമെന്നും റഷ്യ പ്രതീക്ഷിച്ചു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ചെയ്തതിനോട് സമാനമായ രീതിയായിരുന്നു റഷ്യയും അവലംബിച്ചത്. എന്നാൽ, അഫ്ഗാനിസ്ഥാൻ യുക്രെയിനിൽ ആവർത്തിക്കാതിരുന്നത്, യുക്രെയിനിൽ നെഞ്ചുറപ്പുള്ള ഒരു ഭരണകൂടവും, അഭിമാനികളായ പൗരന്മാരും ഉണ്ടായി എന്നതുകൊണ്ടാണ്. ഇത് പുടിനെ ശരിക്കും വിറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതിർന്ന ഉദ്യോഗസ്ഥന്മാരുമായി സംസാരിക്കുമ്പോൾ പുടിൻ പറഞ്ഞത്, റഷ്യയ്ക്കും വ്യക്തിപരമായി തനിക്കും എതിരെ കനത്ത ഉപരോധ നടപടികളാണ് നാറ്റോ സഖ്യം കൈക്കൊള്ളുന്നത് എന്നാണ്.

ഒരുപക്ഷെ അവർ യുക്രെയിന്റെ കൊണ്ട് ആണവായുധ പ്രയോഗം നടത്തിയേക്കുമെന്നും പുടിൻ പറഞ്ഞു. അതുകൊണ്ട് റഷ്യൻ സൈന്യം ആണവായുധ പ്രതിരോധത്തിന് ഒരുങ്ങിയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. തീർത്തും നിർദ്ദോഷമായ ഒരു നിർദ്ദേശം എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഇതിൽ പുടിൻ എന്ന തന്ത്രശാലി ഒളിപ്പിച്ചു വച്ചിരിക്കുന്നത് റഷ്യയുടെ ആണവായുധങ്ങൾ തയ്യാറാക്കി വയ്ക്കുന്നതിനുള്ള നിർദ്ദേശം തന്നെയാണെന്നാണ് പല നിരീക്ഷകരും കരുതുന്നത്.

റഷ്യയുടെ യുദ്ധം ആസൂത്രണം ചെയ്ത രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്നും, ഒരു പത്തു ദിവസം കൂടി യുദ്ധം നീണ്ടു നിന്നാൽ, റഷ്യ സൈനികമായും സാമ്പത്തികമായും തകരുമെന്നും കഴിഞ്ഞ ദിവസം എസ്റ്റോണിയയുടെ മുൻ പ്രതിരോധമന്ത്രി പ്രസ്താവിച്ചിരുന്നു. അത് ഏതാണ് ശരിവയ്ക്കുന്ന തരത്തിലായിരുന്നു പുടിൻ ചർച്ചയ്ക്ക് തയ്യാറായി വന്നത്. എന്നാൽ, ആ നീക്കം കാര്യമായ ഫലം ചെയ്തില്ല. ഇനി പുടിനെ സംബന്ധിച്ച് ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചേ മതിയാകൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. എന്തും മറന്ന് അവസാന ശ്രമം എന്ന നിലയിൽ പുടിൻ ആണവായുധം പ്രയോഗിച്ചേക്കാം എന്നാണ് പൊതുവെ കരുതപ്പെടുന്നത്.