ദിവസങ്ങളായി തുടരുന്ന കനത്ത പേമാരിയും വെള്ളപ്പൊക്കവും മൂലം ജീവൻ അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറിയതിനാൽ നോർത്തേൺ ന്യൂ സൗത്ത് വെയിൽസ് അടിയന്തരാവസ്ഥയിലാണ്.വിൽസൺ നദിയിലെ വെള്ളം 14.37 മീറ്ററിലേക്ക് ഉയരുന്നതിനാൽ, വീടുകളും കാറുകളും പൂർണ്ണമായും വെള്ളത്തിനടിയിലായായിരിക്കുകയാണ് ലിസ്‌മോർ നഗരത്തിൽ. നഗരം അതിന്റെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തെ ആണ് അഭിമുഖീകരിക്കുന്നത്.

വടക്കൻ ന്യൂ സൗത്ത് വെയിൽസിൽ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു.
ക്വീൻസ്ലാന്റിൽ നിന്ന് വടക്കൻ ന്യൂ സൗത്ത് വെയിൽസിലേക്ക് നീങ്ങിയ പേമാരി, സംസ്ഥാനത്ത് രൂക്ഷമായ നാശം വിതക്കുന്നതായാണ് റിപ്പോർട്ടുകൾ.ദിവസങ്ങളായി തുടരുന്ന മഴയിൽ വിൽസൻ നദി കരകവിഞ്ഞൊഴുകി യതോടെയാണ് ലിസ്‌മോർ വെള്ളത്തിനടിയിലായത്.

അതിവേഗം ജലനിരപ്പ് ഉയർന്നപ്പോൾ നിരവധി പേർക്ക് വീടു വിട്ടുപോകാൻ പോലും കഴിഞ്ഞിട്ടില്ല.ഒട്ടേറെ പേർ വീടുകളുടെ മേൽക്കൂരയിൽ അഭയം പ്രാപിച്ചതായാണ് എമർജൻസി വിഭാഗം അറിയിച്ചത്.രക്ഷാ പ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കും അഗ്‌നിശമന സേനയ്ക്കുമൊപ്പമാണ് സൈന്യവും രക്ഷാ പ്രവർത്തനത്തിലുള്ളത്.

തിങ്കളാഴ്ച രാവിലെ അര മണിക്കൂറിൽ 181 മില്ലിമീറ്റർ മഴയാണ് ലിസ്‌മോറിൽ പെയ്തത്.ഇനിയും കൂടുതൽ പേമാരിയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.ട്വീഡ് നദിയിലും വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ക്ലേരൻസ് നദിയിലും വെള്ളം പൊങ്ങിയിട്ടുണ്ട്.

ലിസ്‌മോറിൽ നിന്ന് 20 കിലോമീറ്റർ വടക്കായുള്ള റോക്കി ക്രീക്ക് ഡാം മേഖലയിൽ നിന്നും ജനങ്ങളെ ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്.