വാഷിങ്ടൺ ഡി.സി : അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുത്താൽ സുപ്രീം കോടതിയിൽ ഒഴിവ് വരുന്ന സ്ഥാനത്തേക്ക് കറുത്ത വർഗക്കാരിയെ നിയമിക്കുമെന്ന ബൈഡന്റെ വാഗ്ദാനം നിറവേറ്റി .

ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സർക്യൂട്ട് യുണൈറ്റഡ് സ്റേറ്സ് കോർട്ട് ഓഫ് അപ്പീൽസ് സർക്യൂട്ട് ജഡ്ജിയായി പ്രവർത്തിക്കുന്ന കേതൻജി ബ്രൗൺ ജാക്‌സനെയാണ് പുതിയ സുപ്രീം കോടതി അസോസിയേറ്റ് ജഡ്ജിയായി ബൈഡൻ നോമിനേറ് ചെയ്തിരിക്കുന്നത് .

കേതൻജിയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നതോടെ നിലവിലുള്ള ജഡ്ജി സ്റ്റീഫൻ ബ്രെയർ ഒഴിയുന്ന സ്ഥാനത്തേക്ക് ഇവർ നിയമിതയാകും . അമേരിക്കയുടെ ചരിത്രത്തിൽ സുപ്രീം കോടതിയിൽ നിയമിതയാകുന്ന ആദ്യ കറുത്ത വർഗക്കാരി ജഡ്ജി എന്ന ബഹുമതിക്ക് കേതൻജി അർഹയാകും , അതോടൊപ്പം യു.എസ് സുപ്രീംകോടതിയിലെ ആറാമത്തെ വനിതാ ജഡ്ജിയും .

പിതാവ് ജോണി ബ്രൗൺ മാതാവ് എല്ലേറി ബ്രൗൺ എന്നിവരുടെ മകളായി 1970 സെപ്റ്റംബർ 14 ന് വാഷിങ്ടണിലായിരുന്നു ഇവരുടെ ജനനം . മയാമി പൽമറ്റോ സീനിയർ ഹൈസ്‌കൂൾ , ഹാർവാർഡ് യൂണിവേഴ്സ്റ്റിറ്റി ഹാർവാർഡ് ലോ സ്‌കൂൾ എന്നിവടങ്ങളിലാണ് കേതൻജി വിദ്യാഭ്യാസം പൂർത്തീകരിച്ചത് . 1996 ൽ ജൂറിസ് ഡോക്ടർ ബിരുദം കരസ്ഥമാക്കി . 1996 മുതൽ 2000 വരെ വിവിധ കോടതികളിൽ പ്രഗത്ഭ ജഡ്ജിമാരുടെ ക്ലർക്കായി പ്രവർത്തിച്ചു .

നിയമത്തിൽ അഗാധപാണ്ഡിത്യമുള്ള കേതൻജിയുടെ നിയമനം യു.എസ് സെനറ്റ് റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് . പാട്രിക് ജി ജാക്സനാണ് ഭർത്താവ് , 2 കുട്ടികളുമുണ്ട്