ബെൻഫിക്ക: യുക്രൈനിൽ റഷ്യ സൈനിക നടപടി തുടരുന്നതിനിടെ കായിക ലോകത്ത് പ്രതിഷേധം കടുക്കുന്നു. വിവിധ ഫുട്‌ബോൾ ലീഗുകളിൽ കണ്ട പ്രതിഷേധം പോർച്ചുഗീസ് ലീഗിലും ഇന്നലെ പ്രകടമായി. ബെൻഫിക്കയ്ക്കായി കളിക്കുന്ന യുക്രൈൻ താരത്തെ എഴുന്നേറ്റുനിന്ന് നിറഞ്ഞ കയ്യടികളോടെ മൈതാനത്തേക്ക് സ്വാഗതം ചെയ്തത്. ആരാധകരുടെ സ്നേഹം കണ്ട് റൊമാൻ യാരെംചുക് കണ്ണുനിറയുന്നതിനും മൈതാനം സാക്ഷിയായി. അതിനിടെ യുക്രൈനിലെ നടപടികളെ തുടർന്ന് അന്താരാഷ്ട്ര ഫുട്‌ബോളിൽ റഷ്യ ഒറ്റപ്പെടുകയാണ്.

ഞായറാഴ്ച വിറ്റോറിയക്കെതിരായ മത്സരത്തിൽ ബെൻഫിക്കയുടെ യുക്രൈൻ സ്ട്രൈക്കർ റൊമാൻ യാരെംചുക് സബ്സ്റ്റിറ്റിയൂട്ടായി കളത്തിലെത്തിയപ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ആരാധകർ സ്വീകരിച്ചത്. ടീം ക്യാപ്റ്റന്റെ ആം ബാൻഡ് റൊമാനെ അണിയിക്കുകയും ചെയ്തു. പകരക്കാരന്റെ ബഞ്ചിൽ നിന്ന് 62-ാം മിനുറ്റിലാണ് താരം മൈതാനത്തെത്തിയത്.

മത്സരത്തിനിടെ ആരാധകർ റൊമാൻ യാരെംചുക്കിന് സ്റ്റാൻഡിങ് ഓവേഷൻ നൽകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ബെൻഫിക്ക ആരാധകരുടെ സ്നേഹത്തിൽ റൊമാൻ യാരെംചുക് കണ്ണീരണിയുന്നത് വീഡിയോയിൽ കാണാം. മത്സരത്തിൽ വിറ്റോറിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബെൻഫിക്ക തോൽപിച്ചു.

യുക്രൈനായി 36 മത്സരങ്ങളിൽ 12 ഗോളുകൾ നേടിയ താരമായ 26കാരൻ റൊമാൻ യാരെംചുക് കഴിഞ്ഞ വർഷം ജൂലൈയിലാണ് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിലെത്തിയത്. 31 മത്സരങ്ങളിൽ എട്ട് ഗോളുകൾ ക്ലബിനായി വലയിലെത്തിച്ചു.

റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ല. റഷ്യൻ പതാകയും ദേശീയ ഗാനവും അനുവദിക്കില്ല. പകരം റഷ്യൻ ഫുട്‌ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാമെന്നു ഫിഫ വ്യക്തമാക്കി. എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന പോളണ്ടിന്റെയും സ്വീഡന്റെയും ആവശ്യം ഫിഫ അംഗീകരിച്ചില്ല.

റഷ്യയുമായുള്ള ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടത്തിൽ നിന്ന് പോളണ്ട് പിന്മാറിയിരുന്നു. മാർച്ചിൽ നടക്കേണ്ട യോഗ്യതാ മത്സരത്തിൽ നിന്നാണ് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി നയിക്കുന്ന പോളണ്ടിന്റെ പിന്മാറ്റം. റഷ്യ വേദിയാവേണ്ടിയിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ, ഫോർമുല വണ്ണിലെ റഷ്യൻ ഗ്രാൻപ്രിക്‌സ് എന്നിവ റദ്ദാക്കിയതിന് പിന്നാലെയാണ് പോളണ്ടിന്റെ പിന്മാറ്റം. പോളണ്ട് ഫുട്‌ബോൾ അസോസിയേഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലെവൻഡോവ്‌സ്‌കി വ്യക്തമാക്കിയിരുന്നു.

അതിനിടെ റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തതും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ലീഗ് കപ്പിൽ ഇന്നലെ നടന്ന ചെൽസി-ലിവർപൂൾ ഫൈനലിൽ താരങ്ങൾ യുക്രൈന് പിന്തുണ അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഫ്രഞ്ച് ലീഗ് വണ്ണിലും താരങ്ങൾ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ കഴിഞ്ഞ ദിവസം അണിനിരന്നിരുന്നു. സ്വന്തം നാടിന്റെ ദുരിതത്തിൽ കണ്ണീരണിഞ്ഞ യുക്രൈൻ നായകനും മാഞ്ചസ്റ്റർ സിറ്റി താരവുമായ ഒലക്‌സാണ്ടർ സിൻചെൻകോയുടെ വീഡിയോയും ചിത്രവും ചർച്ചയായിരുന്നു. എവർട്ടന്റെ യുക്രൈൻ താരമായ വിറ്റാലി മികോലെങ്കോയെ സിൻചെൻകോ ആലിംഗനം ചെയ്തപ്പോൾ സ്റ്റേഡിയത്തിൽ നിലയ്ക്കാത്ത കൈയടിയുയർന്നു.

മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ മൈതാനത്തെത്തിയത് ജഴ്‌സിയിൽ 'നോ വാർ' എന്നെഴുതിയെങ്കിൽ സിറ്റിയുടെ എതിരാളികളായ എവർട്ടൻ താരങ്ങളെത്തിയത് യുക്രൈൻ പതാകയുമായാണ്. ഫ്രഞ്ച് ലീഗ് വണ്ണിൽ ലിയോണൽ മെസിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപ്പെട്ട പിഎസ്ജിയും സെന്റ് എറ്റിനിയുടെ താരങ്ങളും യുദ്ധത്തിനെതിരായ സന്ദേശവുമായി കളിക്കളത്തിലെത്തിയതും ശ്രദ്ധേയമായി. ഇംഗ്ലണ്ടിലെ പ്രതിഷേധത്തെ തുടർന്ന് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയുടെ നടത്തിപ്പ് അവകാശം ടീം ഉടമ റൊമാൻ അബ്രമോവിച്ചിന് ക്ലബിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറേണ്ടിവന്നിരിക്കുകയാണ്.

റഷ്യക്ക് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇപിഎൽ ക്ലബ്ബ് ചെൽസിയുടെ നടത്തിപ്പവകാശം കൈമാറാൻ ക്ലബ്ബ് ഉടമയും റഷ്യൻ വ്യവസായിയുമായ റോമൻ അബ്രമോവിച്ച് തീരുമാനിച്ചത്. ചെൽസിയുടെ ഉടമയായി അബ്രമോവിച്ച് തുടരും. ക്ലബ്ബിന്റെ ചാരിറ്റി ഫൗണ്ടേഷന് നടത്തിപ്പവകാശം കൈമാറാനാണ് അദ്ദേഹം തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ട്രസ്റ്റ് അന്തിമ തീരുമാനമെടുത്തിട്ടില്ല.