ശിവമോഗ: ഹിജാബ് നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് സെക്കൻഡ് പിയു വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതാതെ മടങ്ങി. പത്തോളം വിദ്യാർത്ഥിനികൾളാണ് തിങ്കളാഴ്ച ജില്ലയിലെ പ്രായോഗിക പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.

ശിവമോഗ ജില്ലയിലെ 16 കേന്ദ്രങ്ങളിൽ നടന്ന പ്രായോഗിക പരീക്ഷയിൽ നിരവധി മുസ്ലിം പെൺകുട്ടികൾ പരീക്ഷയെഴുതി. ഡിവി എസ് പിയു കോളജിലെ രണ്ട് വിദ്യാർത്ഥിനികളും രണ്ടും സർവോദയ പിയു കോളജിലെ മൂന്ന് വിദ്യാർത്ഥിനികളും സാഗർ കോളേജിലെ രണ്ടും ശിരാളക്കൊപ്പയിൽ മൂന്നും പെൺകുട്ടികളാണ് പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.

മറ്റ് കോളേജുകളിൽ പരീക്ഷക്കെത്തിയ മുസ്ലിം പെൺകുട്ടികളും ഹിജാബ് അഴിച്ച് പരീക്ഷ എഴുതി. യൂണിഫോം മാർഗിർദ്ദേശങ്ങൾ പാലിച്ച് നിരവധി പെൺകുട്ടികൾ പരീക്ഷയെഴുതിയതായി പ്രീ-യൂണിവേഴ്സിറ്റി എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ നാഗരാജ് വി. കഗാൽക്കർ പറഞ്ഞു. ഷഹീൻ പിയു കോളേജിലെ 11 പെൺകുട്ടികളും ഹിജാബ് അഴിച്ചുമാറ്റി പരീക്ഷ എഴുതി. പരീക്ഷയെഴുതണമെങ്കിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന നിർദ്ദേശം അവർ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. കുറച്ച് പെൺകുട്ടികൾ ഹിജാബ് അഴിക്കാൻ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.

16 കേന്ദ്രങ്ങളിലായി 1500ലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഹിജാബ് അഴിക്കാൻ തയ്യാറാകാതെ പല പെൺകുട്ടികളും കോളേജുകളിൽ നിന്ന് വീട്ടിലേക്ക് തിരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികൾ ഹിജാബ് അഴിക്കണമെന്ന നിർദ്ദേശം അംഗീകരിച്ചില്ല. ഹിജാബ് കേസിൽ ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കുമെന്നും വിദ്യാർത്ഥികൾ അദ്ധ്യാപകരോട് പറഞ്ഞു.