പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിന് വിധേയമായി കൊലചെയ്യപ്പെട്ട സുരേഷിന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് ആവശ്യപ്പെട്ടു. പൊലീസിന്റെ ക്രൂരമായ ലോക്കപ്പ് മർദനത്തെ തുടർന്നാണ് സുരേഷ് കൊലചെയ്യപ്പെട്ടത്. സുരേഷിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ തന്നെ പൊലീസ് അദ്ദേഹത്തെ മർദ്ദിച്ചവശനാക്കിയെന്ന് നാട്ടുകാർ സ്ഥിരീകരിക്കുന്നുണ്ട്. സ്റ്റേഷനിൽ കൊണ്ടു പോയ ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമാക്കേണ്ട ബാധ്യത പൊലീസിനുണ്ട്.

കേരളത്തിൽ പൊലീസ് രാജ് ശക്തിപ്പെടുകയാണ്. ഗുണ്ടാവിളയാട്ടവും കൊലപാതകവും തുടർക്കഥയാകുമ്പോഴും പൊലീസ് നിസ്സംഗത തുടരുകയാണ്. എന്നാൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരുന്ന വ്യക്തികൾക്കെതിരെ ക്രൂരമായ മർദ്ദനമുറ പ്രയോഗിച്ചും ഉരുട്ടി കൊലപ്പെടുത്തിയും സംസ്ഥാനത്ത് ഭീതി വർധിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സമാധാന അന്തരീക്ഷം നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ആഭ്യന്തരവകുപ്പ് ലോക്കപ്പ് മർദ്ദനത്തിനത്തിലൂടെ അതിനെ മറികടക്കാനാണോ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കസ്റ്റഡി മരണത്തിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വെൽഫെയർ പാർട്ടി ശക്തമായ പോരാട്ടത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.