- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രൊഫ. സണ്ണി മാത്യുസിന്റെ 'മെനി റോഡ്സ് വൺ ഗൈഡ്' പ്രകാശനം ചെയ്തു
ന്യു യോർക്ക്: മൂന്നു ഭൂഖണ്ഡങ്ങളിൽ അദ്ധ്യാപകനായും ഗവണ്മെന്റ് ഉദ്യോഗസ്ഥനായും വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പഠിപ്പിച്ച പ്രൊഫ. സണ്ണി മാത്യുസിന്റെ ഇംഗ്ലീഷിലുള്ള ആത്മകഥ 'മെനി റോഡ്സ് വൺ ഗൈഡ്' പ്രകാശനം ചെയ്തു.
കാൽ നൂറ്റാണ്ട് കാലം കോട്ടയം സി.എം.എസ. കോളജ് ഇംഗ്ലീഷ് അദ്ധ്യാപകനായും നൈജീരിയയിലും അമേരിക്കയിലും അദ്ധ്യാപകനായും സംഘാടകനായും വിദ്യാർത്ഥികളെയും ഒട്ടനവധി പേരെയും സ്വാധീനിച്ച അദ്ദേഹത്തിന്റെ മലയാളത്തിലുള്ള 'അറിയപ്പെടാത്ത 12 ശിഷ്യന്മാർ' എന്ന പുസ്തകവും ഇതോടൊപ്പം പ്രകാശനം ചെയ്തു. ബീഹാറിൽ സുവിശേഷ പ്രവർത്തനം നടത്തുന്നവരെപറ്റിയുള്ളതാണ് ഇത്. റോക്ക്ലാന്റിലെ സ്പ്രിങ് വാലിയിലുള്ള ഗ്രേസ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ ആയിരുന്നു ചടങ്ങ്.
'മെനി റോഡ്സ്...' പ്രകാശനം ഗ്രേസ് ചർച്ച് പാസ്റ്റർ റവ. രാജൻ ഫിലിപ്, സണ്ണി മാത്യുസിന്റെ ഭാര്യാസഹോദരീ ഭർത്താവ് എബ്രഹാം വർഗീസിന് കോപ്പി നൽകി നിർവഹിച്ചു.
മലയാളം പുസ്തകം ഡോ. ബെഞ്ചമിൻ ജോർജിന് കോപ്പി നൽകി റവ സാമുവൽ ജോൺ പ്രകാശനം ചെയ്തു.
ഒരു ആത്മകഥ എഴുതാൻ മാത്രം മഹത്തരമായി എന്തെങ്കിലും താൻ ചെയ്തിട്ടുള്ളതായി കരുതുന്നില്ലെന്ന് പ്രൊഫ. സണ്ണി മാത്യുസ് പറഞ്ഞു. എന്നാൽ താൻ പിന്നിട്ട പാതകളെപറ്റിയും കുടുംബത്തെപ്പറ്റിയും തന്റെ വരുംകാല തലമുറ അറിയുന്നത് നന്നായിരിക്കുമെന്ന് തിരിച്ചറിവിലാണ് ഇത്തരമൊരു സംരംഭത്തിനിറങ്ങിയത്. ഭാര്യ സൂസനും മക്കളും ഉത്സാഹിപ്പിച്ചു കൊണ്ട് കൂടെ നിന്നു.
ജീവിത സുഖങ്ങൾ ത്യജിച്ച് ക്രൈസ്തവ സന്ദേശത്തെ എത്തിക്കുവാൻ ബിഹാറിൽ പ്രവർത്തിക്കുന്നവരെ കണ്ടപ്പോൾ അവരെ ലോകത്തിനു പരിചയപ്പെടുത്തണമെന്ന മോഹത്തിൽ നിന്നാണ് മലയാളം പുസ്തകത്തിന്റെ പിറവി. അവർ ആരും അറിയപ്പെടുന്നവരോ അറിയപ്പെടാൻ ആഗ്രഹിക്കുന്നവരോ അല്ല. പക്ഷെ അവരുടെ നിസ്വാർത്ഥമായ സേവനം അടയാളപ്പെടുത്തണമെന്നതിൽ തനിക്കു സംശയമൊന്നും ഉണ്ടായില്ല. കൂടുതൽ പേരെപറ്റി വരും ദിനങ്ങളിൽ എഴുതണമെന്നാഗ്രഹിക്കുന്നു-സണ്ണി മാത്യുസ് പറഞ്ഞു.
പുത്രി സ്മിതയുടെ ആമുഖ പ്രസംഗത്തിൽ പിതാവിന്റെ സ്വഭാവവൈശിഷ്ട്യങ്ങളും പ്രത്യേകതകളും ചൂണ്ടിക്കാട്ടി.
ആത്മകഥ ഒരു കാലത്തിന്റെ ചിത്രീകരണമെന്നാണ് പ്രസംഗിച്ചവരും പുസ്തകത്തിന് ആസ്വാദനമെഴുതിയ പഴയകാല സുഹൃത്തുക്കളും വിശേഷിപ്പിച്ചത്. അവരിൽ മലയാള മനോരമ മാനേജിങ് എഡിറ്റർ ഫിലിപ്പ് മാത്യു, മുൻ എസ് .ബി. കോളജ് പ്രിൻസിപ്പലും ഷിക്കാഗോ സെന്റ് തോമസ് ഡയോസിസ് മുൻ വികാരി ജനറാളുമായ ഫാ. ജോർജ് മഠത്തിപ്പറമ്പിൽ എന്നിവർ സതീർത്ഥ്യരായിരുന്നു. ചിലർ സഹപ്രവർത്തകരും.
പല നാടുകളിലൂടെ പോകുമ്പോഴും വഴികൾ തെറ്റിയില്ല. കാരണം മുന്നിൽ ഗൈഡ് ആയി വഴി കാട്ടിയ അദൃശ്യ ശക്തി തന്നെ. ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രഘോഷണം കൂടിയാണ് ഈ ആത്മകഥ.
സി.എം.എസ് . കോളജിലെ മികച്ച അദ്ധ്യാപകനെയും ആദ്യകാലത്തു കമ്പ്യൂട്ടറും മറ്റും ജനകീയവൽക്കരിക്കുന്നതിനു പ്രവർത്തിച്ച സംഘടകനെയുമാണ് പ്രാസംഗികർ ചൂണ്ടിക്കാട്ടിയത്. പിതാവിനോടുള്ള അഗാധമായ സ്‌നേഹം നിറഞ്ഞു നിൽക്കുന്ന ഈ കൃതിയിൽ പിതാവും പുത്രനും തന്നെയാണ് മുഖ്യ കഥപാത്രങ്ങൾ.
നൈജീരിയയിലെ അനുഭവങ്ങളും അമേരിക്കയിലെ അനുഭവങ്ങളും കൂടിചേരുമ്പോൾ പരിയാരം, മല്ലപ്പള്ളിയിൽ നിന്നുള്ള ജീവിത യാത്രയുടെ വൈവിധ്യ പൂർണമായ ചിത്രങ്ങളാണ് പുസ്തകം വരച്ചു കാട്ടുന്നത്. അവിടത്തെ ഗ്രാമീണ ചിത്രങ്ങൾ അതേപടി പുസ്തകത്തിൽ തെളിഞ്ഞു വരുന്നു. ലളിത മനോഹരമായ ഇംഗ്ലീഷിൽ ആകാംക്ഷ നിലനിർത്തുന്ന ആസ്വാദ്യകരമായ വായനാനുഭവമാണ് ഈ കൃതി. ജീവിതത്തിൽ നേരിട്ട നല്ലതും ചീത്തയുമായ കാര്യങ്ങൾ അദ്ദേഹം മറന്നിട്ടില്ല-വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും-പല പ്രാസംഗികരും എടുത്തു കാട്ടി.
ജാമാതാവ് കൂടിയായ റവ. റെന്നി വർഗീസ് ആയിരുന്നു എംസി. ന്യു യോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ആദ്യ ഇന്ത്യാക്കാരൻ ക്യാപ്ടൻ സ്റ്റാൻലി ജോർജ്, ജോജി ജോസഫ്, ജെയ്സൺ വർഗീസ്, ഡാലസിൽ നിന്നു സഹോദരൻ അലക്‌സ്, ബീഹാറിൽ നിന്ന് ഡോ. എബി മാത്യു, എന്നിവർ സംസാരിച്ചു.
പ്രൊഫ. സണ്ണി മാത്യുസിന്റെ മക്കളായ സ്മിതയും ഭർത്താവ് റെന്നിയും, സ്‌നേഹയും ഭർത്താവ് ജെയ്സണും, സൗമ്യയും ഭർത്താവ് ജെസ്സിനും കൊച്ചുമക്കളായ അലിത്തിയ, സൊയി, ലിയാന, സാന, ലൂക്കാസ്, ആനിക, ജെറയ, എസെക്കിയൽ, റീമ എന്നിവരും പങ്കെടുത്തു.



