പാലാ: വായന സംസ്‌കാരത്തിന്റെ അടയാളമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ മഹാത്മാഗാന്ധി ഹയർ സെക്കന്ററി സ്‌കൂൾ ലൈബ്രറിക്കു സമ്മാനിക്കുന്ന പുസ്തകങ്ങളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന സമൂഹത്തെ സംസ്‌കാര സമ്പന്നതയിലേയ്ക്കു നയിക്കുമെന്നും മാണി സി കാപ്പൻ എം എൽ എ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ യുഗത്തിലും വായനയ്ക്കുള്ള പ്രാധാന്യം കുറയുന്നില്ല. സാങ്കേതിക വിദ്യകൾ വർദ്ധിച്ചതോടെ പുസ്തകങ്ങൾ കൂടുതൽ ആകർഷകങ്ങളാക്കാനും ഹൃദ്യമാക്കാനും സാധിക്കുന്നു. ഇതൊക്കെ ആസ്വാദ്യകരമായ വായന സാധ്യമാക്കുന്നുവെന്നും എം എൽ എ പറഞ്ഞു.

പ്രതിവർഷം 15000 രൂപയുടെ പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറികൾക്കു നൽകുന്നതിന് എം എൽ എ മാർക്കു അനുവദിച്ച പദ്ധതിയിൽപ്പെടുത്തിയാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. സ്‌കൂൾ അധികൃതർ മാണി സി കാപ്പനിൽനിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.