കീവ്: യുക്രെയിനെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. യൂറോപ്യൻ പാർലമെന്റിനെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിച്ചു. 'നിങ്ങൾ ഞങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കു. ഞങ്ങളെ ഉപേക്ഷിക്കില്ലെന്ന് നിങ്ങൾ തെളിയിക്കൂ. നിങ്ങൾ യൂറോപ്യന്മാരാണെന്നും മരണത്തെ ജീവിതം വെല്ലുമെന്നും ഇരുട്ടിനെ വെളിച്ചം ജയിക്കുമെന്നും തെളിയിക്കൂ' , അദ്ദേഹം വികാരഭരിതനായി സംസാരിച്ചു.

ഞങ്ങളുടെ നഗരങ്ങളെല്ലാം തടസ്സപ്പെടുത്തിയിരിക്കുക ആണെങ്കിലും, ഞങ്ങളുടെ മാതൃഭൂമിക്കും സ്വാതന്ത്ര്യത്തിനുമായി പോരാടുകയാണ്. ആർക്കും ഞങ്ങളെ തകർക്കാനാവില്ല. ഞങ്ങൾ ഉക്രെയിൻകാരാണ്, സെലൻസ്‌കി പറഞ്ഞു.

അതേസമയം, യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിലെ പ്രാദേശിക ഭരണസിരാകേന്ദ്രത്തിനു നേർക്ക് റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായി. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും നശിച്ചു. ജനവാസ കേന്ദ്രങ്ങളിലും റഷ്യൻ ഷെല്ലാക്രമണം ഉണ്ടായതായി പറയുന്നു. തിങ്കളാഴ്ച ഹർകീവ് ജനവാസ കേന്ദ്രങ്ങളിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. തുടർച്ചയായ അഞ്ചാം ദിവസവും ഹർകീവിൽ റഷ്യൻ സേനയും യുക്രെയ്ൻ സേനയും ഏറ്റുമുട്ടൽ തുടരുകയാണ്.

ഹർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർത്ഥി മരിച്ചിരുന്നു. കർണാടകയിലെ ഹവേരി സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പൗരനു ജീവൻ നഷ്ടപ്പെടുന്നത്.

റഷ്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഹർകീവ് നഗരത്തിൽ തുടക്കം മുതൽ റഷ്യ കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഷെല്ലാക്രമണത്തിന് അൽപം ശമനം വന്നതോടെ വിദ്യാർത്ഥികൾ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു. ചില വിദ്യാർത്ഥികൾ ഹർകീവിൽ നിന്നും ട്രെയിൻ പിടിച്ച് പടിഞ്ഞാറൻ നഗരമായ ലീവിവിലേക്ക് മാറ്റാനും ആലോചിച്ചിരുന്നു. ആറ് ദിവസമായി ഹർകീവിലെ ഷെൽട്ടറുകളിൽ അഭയം പ്രാപിച്ച ഇന്ത്യൻ വിദ്യാത്ഥികൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെ ഇന്നും ഇന്നലെയുമായി പുറത്തേക്ക് ഇറങ്ങിയത് എന്നാണ് സൂചന.

കീവ്,ഹർകീവ്, സുമി നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് അവിടെ തന്നെ തുടരാൻ ആണ് നേരത്തെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. എന്നാൽ റഷ്യൻ സൈന്യത്തിന്റെ വൻപട കീവിലേക്ക് തിരിച്ചെന്ന വാർത്ത വന്നതോടെ കീവിലെ വിദ്യാർത്ഥികളോട് എത്രയും പെട്ടെന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്ക് നീങ്ങാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർകീവിലുള്ളവരോട് അവിടെ തുടരാൻ തന്നെയാണ് നിർദ്ദേശിച്ചത്. ഹർകീവ് നഗരം റഷ്യയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ വിദ്യാർത്ഥികൾ റഷ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് റഷ്യ യുദ്ധം ചെയ്യുന്നത്. സാധാരണക്കാരെ വധിക്കുന്നു, സൈനികേതര വസ്തുവകകൾ നശിപ്പിക്കുന്നു. റഷ്യയുടെ പ്രധാനലക്ഷ്യം വൻനഗരങ്ങളാണ്. അവർ ഇപ്പോൾ അവിടേക്ക് മിസൈലുകൾ തൊടുക്കുകയാണ്, ഖർക്കീവിലെ ഭരണകാര്യാലയത്തിനു നേർക്കുള്ള റഷ്യൻ മിസൈൽ ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് യുക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.