കീവ്: യുക്രൈനിൽ റഷ്യ സൈനിക നടപടി ആരംഭിച്ച ശേഷം നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങിൽ വ്യാപകമായി പ്രചരിക്കുന്നത്. യുക്രൈൻ ജനതയുടെ വീരോചിത ചെറുത്തുനിൽപ്പുകളാണ് ഇതിൽ ഏറെയും. മുന്നോട്ടുനീങ്ങുന്ന റഷ്യൻ ടാങ്കിനെ വെറുംകയ്യോടെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന യുക്രൈൻ പൗരന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. വടക്കൻ യുക്രൈനിലെ ബാഖ്മാച്ചിൽനിന്നുള്ളതാണ് ഈ വീഡിയോ. യുക്രൈൻ വിദേശകാര്യമന്ത്രാലയമാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

തെരുവിലൂടെ മുന്നോട്ടുവരുന്ന റഷ്യൻ ടാങ്കിനെ തടയാൻ ഇദ്ദേഹം ശ്രമിക്കുന്നതാണ് മന്ത്രാലയം പങ്കുവെച്ചിരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. ടാങ്കിൽ കൈകൾവെച്ച് പിന്നോട്ടു തള്ളാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ ടാങ്ക് മുന്നോട്ടുനീങ്ങുന്നതിന് അനുസരിച്ച് അദ്ദേഹം പിന്നോട്ടു നീങ്ങുന്നതും കാണാം.

 
 
 
View this post on Instagram

A post shared by Ukraine UA (@ukraine.ua)

തുടർന്ന് ടാങ്ക് നിർത്തുന്നുമുണ്ട്. ഇതോടെ ഇദ്ദേഹം ടാങ്കിനു മുന്നിൽ മുട്ടുകുത്തി നിൽക്കുന്നതും കാണാം. ഇതോടെ പ്രദേശവാസികൾ അദ്ദേഹത്തിന്റെ അരികിലേക്ക് ഓടിയെത്തുന്നതും വീഡിയോയിലുണ്ട്. റഷ്യൻ അധിനിവേശത്തിന്റെ മൂന്നാംദിവസമായ ശനിയാഴ്ചയാണ് ഈ സംഭവം നടന്നതെന്നാണ് സൂചന.

ഒരു കർഷകൻ തന്റെ ട്രാക്ടർ ഉപയോഗിച്ച് റഷ്യൻ സൈനിക ടാങ്ക് മോഷ്ടിക്കുന്ന വീഡിയോയയും ഇതിനിടെ വൈറലായിരുന്നു. ഒരു മനുഷ്യൻ ടാങ്കിനു പിന്നാലെ ഓടുന്നതും വീഡിയോയിൽ കാണാം.വീഡിയോ കണ്ട് നിർത്താതെ ചിരിച്ചുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. 'ഗംഭീരം' എന്നാണ് ഒരാൾ ഇതിനെ വിശേഷിപ്പിച്ചത്.

ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിക്കാരനും പ്ലിമൗത്ത് മൂർ വ്യൂവിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ജോണി മെർസറാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. റഷ്യൻ കവചിത വാഹനം, യുക്രൈൻ ട്രാക്ടർ മോഷ്ടിക്കുന്നുവെന്ന് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് മെർസർ ട്വിറ്ററിൽ പറഞ്ഞു.

ചൈനയിലെ ടിയാനെന്മെൻ ചത്വരത്തിലെ പ്രക്ഷോഭ വേളയിലുണ്ടായ സംഭവത്തെ ഓർമിപ്പിക്കുന്ന ദൃശ്യമാണ് യുക്രൈനിൽനിന്നു പുറത്തുവരുന്നത്. പിറന്നുവീണ മണ്ണിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ വേണ്ടി ഒരു ജനതയുടെ പോരാട്ടമാണ് ഏറെയും.

അന്ന് ചൈനീസ് ടാങ്കുകൾക്കു മുന്നിൽ ഏകനായി നിന്ന് അവയെ തടയാൻ ശ്രമിക്കുന്ന വ്യക്തിയുടെ ചിത്രം ലോകപ്രശസ്തമായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭരണകൂടാതിക്രമത്തിനു ശേഷം ചൈനയിലെ ടിയാനെന്മെൻ സ്‌ക്വയറിൽനിന്ന് മടങ്ങുന്ന ടാങ്കുകൾക്കു മുന്നിൽ നിർഭയനായി നിൽക്കുന്ന മനുഷ്യന്റെ ചിത്രം പകർത്തിയത് ജെഫ് വൈഡെനർ എന്ന അസ്സോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫറാണ്. ഈ ചൈനക്കാരന്റെ പേരോ മറ്റു വിവരങ്ങളോ അജ്ഞാതമാണങ്കിലും ടാങ്ക് മാൻ എന്ന പേരിൽ ഈ ചിത്രം പിന്നീട് ചരിത്രത്തിൽ ഇടംനേടിയിരുന്നു.