ന്യൂഡൽഹി: യുക്രൈനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ യുക്രൈൻ സ്ഥാനപതി. കാർക്കീവിലെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖർ കൊല്ലപ്പെട്ടതിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നെന്ന് ഡോ. ഇഗൊർ പൊലിഖ പറഞ്ഞു.

നേരത്തെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഷെല്ലിങ്ങും ബോബാക്രമണങ്ങളും നടന്നത്. ഇപ്പോൾ ജനവാസ മേഖലകളിലേക്കും അത് വ്യാപിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

'രജപുത്രർക്കെതിരെ മുഗളന്മാർ സംഘടിപ്പിച്ച കൂട്ടക്കൊല പോലെയാണിത്. ബോംബാക്രമണവും ഷെല്ലാക്രമണവും നിർത്താൻ പുടിനെതിരെ എല്ലാ വിഭവങ്ങളും ഉപയോഗിക്കണമെന്ന് ഞങ്ങൾ ഓരോ തവണയും, മോദി ഉൾപ്പെടെ സ്വാധീനമുള്ള എല്ലാ ലോക നേതാക്കളോടും ആവശ്യപ്പെടുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. നവീന്റെ പിതാവ് ശേഖർ ഗൗഡയുമായി സംസാരിച്ച പ്രധാനമന്ത്രി കുടുംബത്തെ അനുശോചനം അറിയിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നവീന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

സംഘർഷ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതയാത്ര ഒരുക്കണമെന്ന് റഷ്യയോടും യുക്രൈനോടും ഇന്ത്യ ആവശ്യപ്പെട്ടു. ഖർക്കീവിൽ ഇന്നു രാവിലെയുണ്ടായ റഷ്യൻ ഷെൽ ആക്രമണത്തിലാണ് കർണാടക സ്വദേശിയും എംബിബിഎസ് അവസാനവർഷ വിദ്യാർത്ഥിയുമായ നവീൻ എസ്ജി കൊല്ലപ്പെട്ടത്.

ഭക്ഷണം വാങ്ങാൻ കടയുടെ മുന്നിൽ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. കർണാടകയിലെ ചെല്ലഗരെ സ്വദേശിയാണ്. യുക്രൈനിൽ സ്ഥിതി ഗുരുതരമാകുന്ന പശ്ചാത്തലത്തിൽ തലസ്ഥാനമായ കീവിലുള്ള ഇന്ത്യൻ പൗരന്മാർ ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിരുന്നു. ട്രെയിനോ മറ്റേതെങ്കിലും മാർഗമോ ഉപയോഗിച്ച് പുറത്തു കടക്കാനാണ് നിർദ്ദേശം നൽകിയത്.

കീവ് പിടിച്ചടക്കാനായി റഷ്യൻ സേന ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയത്. നഗരത്തിൽ വ്യോമാക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈൽ (65 കിലോമീറ്റർ) ദൂരത്തിൽ റഷ്യൻ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.