രിത്രത്തിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് ക്യൂൻസ്സാന്റ്, ന്യൂസൗത്ത് വെയ്ൽസ് സമൂഹം സാക്ഷികളാകുന്നത്. രണ്ട് സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് മഴ തുടരുകയാണ്. കഴിഞ്ഞ ആഴ്ച അവസാനം മുതൽ നിർത്താതെ പെയ്യുന്ന പേമാരിയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. നിരവധി പേരെ കാണാതായി.

ജനജീവിതത്തെ സാരമായി ബാധിച്ച പേമാരിയിൽ നിരവധി നഗരങ്ങളും ആയിരത്തിലധികം വീടുകളും വെള്ളത്തിനടിയിലായി. നിരവധി പേരെ വീടുകളിൽനിന്നു മാറ്റിപ്പാർപ്പിച്ചു. പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ നിലയിലാണ്. മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി വിതരണം താറുമാറായി. ഗതാഗതവും തടസപ്പെട്ട നിലയിലാണ്.

ക്വീൻസ് ലാൻഡ് സംസ്ഥാനത്ത് ആരംഭിച്ച പേമാരി അയൽസംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പേമാരിയും കാറ്റും വെള്ളപ്പൊക്കവും സിഡ്നിയെയും ബാധിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്‌ച്ച രാത്രിയാരംഭിച്ച മഴയെതുടർന്ന് സിഡ്നിയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

സിഡ്‌നിയിലെ പ്രധാന ജലസ്രോതസായ വാരഗംബ ഡാം തുറന്നു. ദിവസങ്ങളായി തുടരുന്ന മഴയിൽ നീരൊഴുക്ക് ശക്തിപ്പെട്ടതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിലെ പല ഡാമുകളും സംഭരണ ശേഷിയോടടുത്തെന്നാണ് റിപ്പോർട്ടുകൾ. സിഡ്‌നിയിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കാൻ നിർദ്ദേശം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നു സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസിൽ വെള്ളപ്പൊക്കം കൂടുതൽ അപകടകരമായ സാഹചര്യത്തിലെത്താമെന്നും പ്രളയം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്താനും പ്രീമിയർ മുന്നറിയിപ്പ് നൽകി. മരുന്നുകൾ, പ്രധാനപ്പെട്ട രേഖകൾ, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ചാർജറുകൾ എന്നിവയടങ്ങുന്ന കിറ്റ് തയ്യാറാക്കാനും പ്രീമിയർ നിർദ്ദേശിച്ചു.