കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തീക പ്രതിസന്ധിയിൽ രാജ്യത്തെ സംരഭങ്ങൾക്ക് കൈത്താങ്ങേകാൻ സർക്കാർ പ്രഖ്യാപിച്ച വേജ് സബ്സിഡി സ്‌കീം സഹായ തുകകൾ കുറയ്ക്കുന്നു. ഇന്നു മുതൽ ഒരു ജീവനക്കാരന് 100 യൂറോ എന്ന നിലയിലാകും സഹായം ലഭിക്കുക. ഏപ്രീൽ മാസം 30 വരെയാകും ഇത് ലഭിക്കുക. പിന്നീട് ഈ ഇനത്തിൽ സഹായം സർക്കാർ നൽകില്ല.

കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 22,500 തൊഴിലുടമകളാണ് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 18300 പേർ ഇതിനകം തന്നെ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. 219,600 ജീവനക്കാരാണ് ഈ തൊഴിലുടമകൾക്ക് കീഴിലുള്ളത്. 6.5 ബില്ല്യൺ യൂറോയായിരുന്നു സർക്കാർ ഈ ഇനത്തിൽ മാറ്റിവച്ചിരുന്നത്.

കോവിഡിനെ തുടർന്ന് 2020 ഡിസംബർ മുതൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ ഏറ്റവും ദോഷകരമായി ബാധിച്ച സ്ഥാപനങ്ങളെയാണ് സർക്കാർ ഈ വിധത്തിൽ സഹായിച്ചിരുന്നത്. ഇവരുടെ ജോലിക്കാർക്ക് ഒരോ ആഴ്ച ലഭിച്ചിരുന്ന വേതനത്തിന്റെ ഒരു വിഹിതം സർക്കാർ നൽകുന്ന പദ്ധതിയായിരുന്നു ഇത്.

ഹോസ്പിറ്റാലിറ്റി മേഖല(Accomadation and food servises) ആണ് ഈ ഇനത്തിൽ ഏറ്റവും അധികം സഹായം കൈപ്പറ്റിയത്. ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ മേഖലയാണ് സഹായം സ്വീകരിച്ചതിൽ രണ്ടാമത്.