ആലപ്പുഴ: സിങ്കപ്പൂരിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യ നർത്തകി ശാന്താ ഭാസ്‌കറിന് (82) കലാലോകത്തിന്റെ അന്ത്യാഞ്ജലി. നർത്തകി, അദ്ധ്യാപിക എന്നീനിലകളിൽ പ്രശസ്തയായ ശാന്താ ഭാസ്‌കറിനെ സിങ്കപ്പൂർ സർക്കാർ 1990-ൽ കലാകാരന്മാർക്കുള്ള പരമോന്നത ബഹുമതിയായ കൾച്ചറൽ മെഡലിയൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. 65 വർഷത്തിലധികമായി സിങ്കപ്പൂരിന്റെ കലാമേഖലയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു അവർ. ശാന്താ ഭാസ്‌കറിന്റെ നിര്യാണത്തിൽ അനുശോചിച്ച് സിങ്കപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ് വിശദമായ ഫേസ്‌ബുക്ക് കുറിപ്പിട്ടിരുന്നു.

മലേഷ്യ, ഇൻഡൊനീഷ്യ, തായ്ലാൻഡ്, ബർമ, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ നൃത്തമവതരിപ്പിച്ച അവർ കഴിഞ്ഞവർഷം സിങ്കപ്പൂർ പ്രസിഡന്റിൽനിന്നു പി.ജെ.ജെ. പുരസ്‌കാരവും നേടി. മാവേലിക്കര പോനകം കൊല്ലകൽ കെ.പി. ഭാസ്‌കറാണു ഭർത്താവ്. ഇദ്ദേഹം നൃത്താലയ എയ്‌സ്തറ്റിക് സൊസൈറ്റി സ്ഥാപകനും സിങ്കപ്പൂരിന്റെ സാംസ്‌കാരികനവോത്ഥാനത്തിൽ നൃത്തശില്പത്തിനു പുതിയഭാഷ്യം ചമയ്ക്കുകയും ചെയ്തയാളുമാണ്. 1956-ൽ കെ.പി. ഭാസ്‌കറിനെ വിവാഹംചെയ്തതോടെ ശാന്താ ഭാസ്‌കർ സിങ്കപ്പൂരിൽ സ്ഥിരതാമസമായി.

ഭർത്താവ് 1952-ൽ സ്ഥാപിച്ച ഭാസ്‌കർ ആർട്‌സ് അക്കാദമിയുടെ 70-ാം വാർഷികാഘോഷങ്ങൾക്കു ശാന്താ ഭാസ്‌കറിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസമാണു തുടക്കമായത്. ഇതിനിടെയായിരുന്നു മരണം.

ആലപ്പുഴയിലാണു ജനിച്ചതും വളർന്നതും. തിരുവനന്തപുരത്തു പഠിക്കുമ്പോഴായിരുന്നു വിവാഹം. ആലപ്പുഴയിലെ ജയറാം പ്രസ് ഉടമയായിരുന്ന ജയറാം ഗോപാലപിള്ളയുടെയും പങ്കിയമ്മയുടെയും (നടി ആറന്മുള പൊന്നമ്മയുടെ സഹോദരി) മകളാണ്. ആദ്യഗുരു രാമുണ്ണിപ്പണിക്കരായിരുന്നു. കുറ്റാലം ഗണേശൻ പിള്ളയിൽനിന്നു ഭരതനാട്യത്തിൽ പ്രാവീണ്യം നേടി. ഗുരു കുഞ്ചുക്കുറുപ്പിൽനിന്നു കഥകളിയും രാമുണ്ണിപ്പണിക്കരിൽനിന്നു മോഹിനിയാട്ടവും അഭ്യസിച്ചു. മക്കൾ: മോഹൻ ഭാസ്‌കർ, റാം ഭാസ്‌കർ, മീനാക്ഷി ഭാസ്‌കർ. മരുമക്കൾ: വത്സലാ കുറുപ്പ്, രേണു.