ന്യൂഡൽഹി: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റിനോട് നിർദ്ദേശിക്കാൻ കഴിയുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അടക്കമുള്ളവരെ മടക്കി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പരാമർശം.

റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ഹർജി പരിഗണിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു.

സമൂഹ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലർ ചോദിക്കുന്നതിന്റെ വീഡിയോകൾ താൻ കണ്ടെന്നും, റഷ്യൻ പ്രസിഡന്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നിലവിൽ രക്ഷാദൗത്യം പുരോഗമിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ച എൻ വി രമണ ഹർജി പിന്നീട് പരിശോധിക്കാമെന്നും ഇക്കാര്യത്തിൽ അറ്റോർണി ജനറലിനോട് ഉപദേശം തേടാമെന്നും അറിയിച്ചു.

ആയിരക്കണക്കിന് വിദ്യാർത്ഥികൾ അവിടെയുണ്ടെന്നും കുറച്ച് പേർക്ക് ഇവിടെ എത്താൻ കഴിഞ്ഞിട്ടുണ്ടെന്നും വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും എജിയോട് കോടതി പറഞ്ഞു.

കിഴക്കൻ യുക്രൈനിലുള്ള വിദ്യാർത്ഥികളെ മടക്കി കൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. റഷ്യൻ അതിർത്തിയിലുള്ള പടിഞ്ഞാറൻ യുക്രൈനിലെ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ ആരോപിച്ചു. ആ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.

മുപ്പതോളം വിദ്യാർത്ഥിനികൾ അടക്കമുള്ളവർ ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞ ആറ് ദിവസമായി യുക്രൈൻ അതിർത്തിയിൽ കഴിയുകയാണെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഏത് സർക്കാരിനോട് സുരക്ഷാ ഉറപ്പാക്കണമെന്നാണ് കോടതി നിർദ്ദേശം നൽകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ആരാഞ്ഞു. വിദ്യാർത്ഥികളുടെ അവസ്ഥയിൽ വിഷമം കോടതിക്ക് വിഷമം ഉണ്ട്. എന്നാൽ യുദ്ധം നിർത്താൻ റഷ്യൻ പ്രസിഡന്റിനോട് നിർദ്ദേശിക്കാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ മടക്കി കൊണ്ട് വരാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്നാണ് മാധ്യമ വാർത്തകളിൽ നിന്ന് മനസിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കോടതിയിൽ നിന്ന് പരാമർശം ഉണ്ടായാൽ ഒഴിപ്പിക്കൽ ദൗത്യം കൂടുതൽ ഫലപ്രദമായി കേന്ദ്ര സർക്കാർ നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.

ഗംഗ രക്ഷാ ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനസർവ്വീസിലൂടെ ഇന്ന് 3726 പേർ മടങ്ങിയെത്തും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിത്. ആകെ 19 വിമാനങ്ങളാണ് യുക്രൈന്റെ അയൽരാജ്യങ്ങളിൽ നിന്നായി ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. അതിനിടെ യുക്രെയിനിലെ രക്ഷാദൗത്യത്തെക്കുറിച്ച് വിദേശകാര്യമന്ത്രാലയം എംപിമാർക്ക് വിശദീകരണം നൽകി. യോഗത്തിൽ രാഹുൽഗാന്ധിയും പങ്കെടുക്കുന്നുണ്ട്.