ഓസ്റ്റിൻ: ഇന്ന് മാർച്ച് 1ന് നടന്ന ടെക്‌സസ് പ്രൈമറി തിരഞ്ഞെടുപ്പിൽ ടെക്‌സസ് ഗവർണ്ണർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി നിലവിലുള്ള ഗവർണ്ണർ ഗ്രേഗ് ഏമ്പർട്ടും , ഡെമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായി മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി ബെറ്റൊ ഒ.റൂർക്കെക്കും ഉജ്ജ്വല വിജയം.

രാത്രി 7 മണിക്ക് പോളിങ് അവസാനിച്ചു രണ്ടു മണിക്കൂറിനകം ഫലപ്രഖ്യാപനവും നടന്നു. റിപ്പബ്ലിക്കൻ ഗവർണ്ണർ സ്ഥാനത്തേക്ക് ഗ്രേഗ് ഏബട്ടിനു പുറമെ നാലുപേർ കൂടി മത്സരിച്ചിരുന്നു.

ഗ്രേഗ് ഏബർട്ടിന് പോൾ ചെയ്ത വോട്ടുകളിൽ 67.5% വോട്ടുകൾ(972030) ലഭിച്ചപ്പോൾ തൊട്ടടുത്ത സ്ഥാനാർത്ഥിക്ക് 12 ശതമാനം(173089) വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

ഡെമോക്രാറ്റിക്ക് ഗവർണ്ണർ സ്ഥാനാർത്ഥി ബെറ്റൊക്ക് പുറമെ നാലു സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. ബെറ്റൊക്ക് 678891 വോട്ടുകൾ(91.5%) ലഭിച്ചപ്പോൾ തൊട്ടടുത്ത സ്ഥാനാർത്ഥിക്ക് 22778(3%)മാത്രമാണ് ലഭിച്ചത്.

നവംബറിൽ നടക്കുന്ന ഗവർണ്ണർ തിരഞ്ഞെടുപ്പിൽ ഗ്രേഗ് ഏബട്ടും, ബെറ്റൊ ഒ റൂർക്കെയും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുമെന്ന് ഉറപ്പായി. റിപ്പബ്ലിക്കൻ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ടെക്‌സസ്സിൽ വിള്ളൽ വീഴ്‌ത്തുവാൻ ബെറ്റൊ റൂർക്കെക്ക് കഴിയുമോ എന്ന് കാണുന്നതിന് നവംബർ വരെ കാത്തിരിക്കേണ്ടിവരും.