റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാർക്കും പിഴ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്‌റെ പേരിലുള്ള നിയമ ലംഘനത്തിൽ വാഹന ഡ്രൈവർ മാത്രമല്ല, യാത്രക്കാരും ഉൾപ്പെടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു.

വാഹനം റോഡിലായിരിക്കുമ്പോൾ ഡ്രൈവറോടൊപ്പം തന്നെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ജി.ഡി.ടി വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡ്രൈവർക്കും യാത്രക്കാർക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടി അറിയിച്ചു.

ട്രാഫിക് പൊലീസിന്റെ നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കിൽ യാത്രക്കാരന്റെ പേരിൽ തന്നെ പിഴ ചുമത്തും. എന്നാൽ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കിൽ കാർ ഉടമ / ഡ്രൈവർ എന്നിവരിൽ നിന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.